ഹാമർ തലയിൽ വീണ് പരിക്കേറ്റ അഫീലിന് ഡയാലിസിസ്: സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

ഹാമർ തലയിൽ വീണ് പരിക്കേറ്റ അഫീലിന് ഡയാലിസിസ്: സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിനിടെ ഹാമർത്രോ ബോൾ തലയിൽ വീണ് പരിക്കേറ്റ വോളണ്ടിയർ അഫീലിനെ ഡയാലിസിസിന് വിധേയനാക്കി.
സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അഫീലിനെ ഡയാലിസിസിന് വിധേയനാക്കിയത്.
സെപ്റ്റംബർ 28 വെള്ളിയാഴ്ചയാണ് പാലാ സെൻറ് തോമസ് ഹയർ സെക്കൻഡി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസണിനെ (17) ഹാമർ ത്രോ ബോൾ തലയിൽ വീണ് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
അഫീൽ ജോൺസണിന്റെ രക്ത സമ്മർദം ഇടയ്ക്ക് സാധാരണ നിലയിലായിരുന്നു. എന്നാൽ, ഇത് കഴിഞ്ഞ ദിവസങ്ങളിൽ പരിധിയിലും താഴ്ന്നിട്ടുണ്ട്.
ഇത് കൂടുതൽ ഗുരുതരാവസ്ഥയിലേയ്ക്കാണ് അഫീലിനെ കൊണ്ട് എത്തിക്കുന്നത്. ഇത് ഡോക്ടർമാരെയും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
മറ്റ് അവയവങ്ങളുടെ പ്രവർത്തനം മരുന്നിന്റെ സഹായം കൂടാതെ തന്നെ സാധാരണ നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച മുതൽ വൃക്കകളുടെ പ്രവർത്തനം താളം തെറ്റുകയായിരുന്നു.
തുടർന്ന് ഡയാലിസിന് വിധേയമാക്കിയിരിന്നു. ഡയാലിസിസ് ചെയ്‌തെങ്കിലും പുരോഗതിയുണ്ടെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.
ശനിയാഴ്ച രാത്രി ആറുമുതൽ 12 മണിക്കൂർ നീണ്ടുനിന്ന ഡയാലിസിസിന് വിധേയമാക്കി. ശരീരത്തിന് ക്ഷതവും തലയോട്ടി പൊട്ടലുമൂലമുണ്ടാകുന്ന അണുബാധയാണ് വൃക്കകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതെന്ന് നെഫ്രോളജി വിഭാഗം ഡോക്ടർമാർ അറിയിച്ചു.