അലോട്ടിയുടെ ഗുണ്ടാ സംഘാംഗം ജിബിൻ പിടിയിൽ

അലോട്ടിയുടെ ഗുണ്ടാ സംഘാംഗം ജിബിൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

മെഡിക്കൽ കോളേജ്: ആലോട്ടിയുടെ ഗുണ്ടാ സംഘാംഗവും കഞ്ചാവ് കച്ചവടക്കാരനുമായ ജിബിൻ പിടിയിൽ. അലോട്ടിയുടെ വീട്ടിൽ നടന്ന ലഹരിപ്പാർട്ടിക്കിടയിൽ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ച കേസിലാണ് ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ എസ്.ഐ എം.എസ് ഷിബുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പരിസരത്തു നിന്നു പിടികൂടിയ ആർപ്പൂക്കര വില്ലൂന്നി പേരോട്ട് വീട്ടിൽ ജിബിൻ ബിനോയി(21)യെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
രണ്ടാഴ്ച മുൻപ് ആർപ്പൂക്കര പനമ്പാലത്തെ ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ വീട്ടിൽ നടന്ന ലഹരിപ്പാർട്ടിക്കിടെ ഗുണ്ടാ സംഘം എക്‌സൈസ് ഉദ്യോഗസ്ഥർക്കു നേരെ കുരുമുകള് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. എട്ടു പ്രതികളുള്ള ഈ കേസിൽ മൂന്നാം പ്രതിയാണ് ജിബിൻ.
സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ സ്വാധീനത്തെ തുടർന്നാണെന്നു ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വില്ലൂന്നി പ്രദേശത്തെ സ്ഥിരം കഞ്ചാവ് കച്ചവടക്കാരനാണ് ജിബിൻ. അലോട്ടിയുടെ ഗുണ്ടാ സംഘത്തിലെ സാന്നിധ്യമായതോടെ പ്രദേശവാസികൾക്കു പേടി സ്വപ്‌നമാണ് ജിബിൻ. പത്തിലേറെ കഞ്ചാവ് കേസിലും, വീട് കയറി ആക്രമണക്കേസിലും പ്രതിയാണ് ജിബിൻ.