
സ്വന്തം ലേഖകൻ
കോട്ടയം: പുതുവർഷത്തിൽ ജില്ലയിൽ പുതിയ ഗുണ്ടാ ലിസ്റ്റ് വരുന്നു. ഗുണ്ടകളെ നേരിടാൻ പുതിയ പ്രത്യേക സ്ക്വാഡ് ജില്ലകൾ തോറും രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദേശം നൽകിയിരുന്നു.ഇതിൻറെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ രൂപീകരിച്ച പുതിയ ഗുണ്ടാ സ്ക്വാഡാണ് നിലവിലുള്ള ഗുണ്ടകളുടെ ലിസ്റ്റ് പരിഷ്ക്കരിക്കുന്നത്.
നിലവിലുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 374 ഗുണ്ടകളാണ് ലിസ്റ്റിലുള്ളത്. ഈ ലിസ്റ്റാണ് പുതിയ ഗുണ്ടാ സ്ക്വാഡ് പരിഷ്ക്കരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നർകോട്ടിക് സെൽ ഡിവൈഎസ്പി എം.എം. ജോസിനാണ് പുതിയ ഗുണ്ടാ സ്ക്വാഡിൻറെ ചുമതല. ഇതിനു പുറമേ ഓരോ പോലീസ് സ്റ്റേഷനിൽ നിന്നും എസ്ഐ, രണ്ടു സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും സ്ക്വാഡിൽ അംഗങ്ങളാണ്.
കഞ്ചാവ്, ലഹരിമരുന്ന് കേസുകൾ, ക്വട്ടേഷൻ ആക്രമണങ്ങൾ, സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ, രാഷ്ട്രീയ ആക്രമണങ്ങൾ തുടങ്ങി സംഘടിത കുറ്റകൃത്യങ്ങളിലായി രണ്ടിലധികം കേസുകളിൽ ഉൾപ്പെട്ടവരെയാണ് പുതിയ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുക.







