അതിരമ്പുഴയിലെ കഞ്ചാവ് മാഫിയയുടെ ആക്രമണം ഓട്ടോഡ്രൈവർമാരുടെ കെട്ടുകഥ: തർക്കവും സംഘർഷവും ഉണ്ടായത് ഓട്ടോ ഇടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ; യുവാവിനെ മർദിച്ചത് ഓട്ടോഡ്രൈവർമാർ തന്നെയെന്നും തെളിവ്
സ്വന്തം ലേഖകൻ
കോട്ടയം: അതിരമ്പുഴയിൽ കഞ്ചാവ് മാഫിയ ആക്രമണം നടത്തിയെന്നത് ഓട്ടോ ഡ്രൈവർമാരുടെ കെട്ടുകഥയെന്ന് നാട്ടുകാർ. ഓട്ടോറിക്ഷാ പാർക്ക് ചെയ്ത് ഓട്ടം പിടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം, ആൾക്കൂട്ട ആക്രമണത്തിലേയ്ക്കു എത്തുകയും, ഓട്ടോഡ്രൈവർമാർ സംഘം ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഇവിടെ ഓട്ടോറിക്ഷ ഓടിക്കാൻ എത്തിയ നിയാസും ഓട്ടോഡ്രൈവറായ ഫൈസലും തമ്മിലുണ്ടായ തർക്കമാണ് കഞ്ചാവ് മാഫിയയുടെ ആക്രമണമായി ഓട്ടോഡ്രൈവർമാർ ചിത്രീകരിച്ചതും പണിമുടക്ക് നടത്തിയതും. തർക്കത്തിനിടെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മെൽവിനെ പത്തോളം ഓട്ടോഡ്രൈവർമാർ ചേർന്ന് ക്രൂരമായി മർദിച്ചിരുന്നു. എന്നാൽ, ഇയാൾ ഇതുവരെയും പരാതി നൽകാൻ തയ്യാറായിട്ടുമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാത്രി പത്തരയോടെ അതിരമ്പുഴ പള്ളി മൈതാനം സ്റ്റാൻഡിൽ കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയെന്നായിരുന്നു ഓട്ടോഡ്രൈവർമാരുടെ ആരോപണം. എന്നാൽ, ഈ ആരോപണത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഓട്ടോഡ്രൈവർമാരുടെ തട്ടിപ്പ് പുറത്ത് വന്നത്. ഈ ഓട്ടോസ്റ്റാൻഡിൽ ഓട്ടോറിക്ഷയുമായി ഓട്ടം പിടിക്കാൻ എത്തിയ നിയാസ് എന്ന യുവാവുമായി ഓട്ടോ ഡ്രൈവർമാർ തർക്കത്തിലായിരുന്നു. ഇയാളെ ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്നതായിരുന്നു ഇവരുടെ നിലപാട്.
നിയാസിനെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കാൻ അനുവദിക്കില്ലെന്ന് ഇവിടെ ഓട്ടോ ഓടിക്കുന്ന ഫൈസൽ എന്ന യുവാവ് വെല്ലുവിളിച്ചിരുന്നു. ഇതേച്ചൊല്ലി ഫൈസലും നിയാസും തമ്മിൽ ഒരു മാസത്തോളമായി തർക്കവും സംഘർഷവും പതിവായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നിയാസിന്റെ പിതാവിന്റെ ഫൈസൽ മർദിച്ചു. ഇതിനെ ചോദ്യം ചെയ്യാൻ വെള്ളിയാഴ്ച രാത്രി നിയാസും, സുഹൃത്തും നിരവധി ക്രിമിനൽക്കേസ് പ്രതിയുമായ മെൽവിനും കൂടി അതിരമ്പുഴ പള്ളി മൈതാനം ഓട്ടോ സ്റ്റാൻഡിൽ എത്തി.
ഇവിടെ വച്ച് ഓട്ടോഡ്രൈവർമാരും നിയാസും മെൽവിനുമായി വാക്കേറ്റം ഉണ്ടായി. പത്തോളം വരുന്ന ഓട്ടോഡ്രൈവർമാർ സംഘടിച്ചെത്തി ആക്രമിച്ചതോടെ നിയാസ് സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. ഓട്ടോഡ്രൈവർമാരുടെ സംഘം മെൽവിനെ വളഞ്ഞിട്ട് ആക്രമിച്ചു. ക്രൂരമായി ആക്രമിച്ച ഓട്ടോഡ്രൈവർമാർ മെൽവിനെ മർദിച്ച് അവശനാക്കി. ഈ സമയം ഇതുവഴി പൊലീസ് വാഹനം എത്തിയതോടെയാണ് ഓട്ടോഡ്രൈവർമാർ മർദനം അവസാനിപ്പിച്ചത്. തുടർന്ന് മെൽവിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേയക്കു കൊണ്ടു പോയി. ഇതാണ് കഞ്ചാവ് മാഫിയ സംഘാംഗത്തെ പൊലീസ് പിടികൂടിയതായി ഓട്ടോഡ്രൈവർമാർ പ്രചരിപ്പിച്ചത്.
ഇതിനു ശേഷം രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ, ഇതിനു ശേഷം ഇന്നലെ രാവിലെ ഓട്ടോഡ്രൈവർമാർ ആക്രമണത്തിൽ പ്രതിഷേധിച്ച് പണിമുടക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ കഞ്ചാവ് മാഫിയ ആണെന്നും ഇവർ ആരോപിക്കുന്നു. നേരത്തെ ക്രിമിനൽക്കേസുകളിൽ അടക്കം മെൽവിൻ പ്രതിയായിരുന്നു എന്നതും ആരോപണത്തിന്റെ വിശ്വാസ്യതവർധിപ്പിച്ചു.