
ശാസ്ത്രി റോഡ് നവീകരണം: പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു; വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി.സുധാകരൻ പദ്ധതിയ്ക്കു തുടക്കമിട്ടു
തേർഡ് ഐ ബ്യൂറോ
കോട്ടയം: ശാസ്ത്രി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കോട്ടയം നഗരത്തിൻറെ മുഖഛായ മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ശീമാട്ടി റൗണ്ടാന മുതൽ ലോഗോസ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷമാണ് നിർമാണ കാലയളവായി കണക്കാക്കിയിരിക്കുന്നതെങ്കിലും അതിനു മുൻപ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 9.2 കോടി രൂപ ചിലവിൽ മനോഹരമായ റോഡാണ് ഇവിടെ ഒരുങ്ങുക. അടിസ്ഥാന സൗകര്യ വികസനത്തിന് ഗണ്യമായ മുൻഗണന നൽകിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും പൊതുമരാമത്ത് പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ശ്രമിച്ചുവരികയാണ്-മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടനുബന്ധിച്ച് കോട്ടയം ബേക്കർ വിദ്യാപീഠ് പാർക്കിംഗ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു
തോമസ് ചാഴികാടൻ എം.പി, മുനിസിപ്പൽ ചെയർ പേഴ്‌സൺ ഡോ. പി.ആർ. സോന, മുൻ എം.എൽ.എ വി.എൻ. വാസവൻ എന്നിവർ പ്രഭാഷണം നടത്തി. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ജോഷി ഫിലിപ്പ്, സജി മഞ്ഞക്കടമ്പിൽ, നോബിൾ മാത്യു, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.