രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ: പ്രതി പിടിയിലായത് ഇടപാടുകാരെ കാത്ത് നിക്കുമ്പോൾ

സ്വന്തം ലേഖകൻ

തൃത്താല : രണ്ട് കിലോ കഞ്ചാവുമായി ഒരാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തൃത്താല പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. തൃത്താല, പരുതൂർ സ്വദേശി അബ്ദുൾ നിസാർ എന്ന കാണാക്കിളി ( 35 ) നെയാണ് രഹസ്യവിവരത്തെത്തുടർന്ന് തൃത്താല വെളളിയാംകല്ല് വെച്ച് പിടികൂടിയത്.

ഇയാൾ കൈവശം പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ രണ്ട് ലക്ഷം രൂപ വിലവരും.

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിക്കെതിരെ മുമ്പ് കുറ്റിപ്പുറം എക്സൈസിൽ കഞ്ചാവ് കേസ് നിലവിലുണ്ട്.

പട്ടാമ്പി, തൃത്താല, കൂറ്റനാട്, ചാലിശ്ശേരി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കച്ചവടം നടത്തിവരികയായിരുന്നു നിസാർ. കച്ചവടത്തിനായി ഇടപാടുകാരെ കാത്ത് നിൽക്കുമ്പോഴും പോലീസ് പിടിയിലായത്.

പ്രതിയെ കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. തൃത്താല സബ് ഇൻസ്പെക്ടർ എസ്.അനീഷ്, എ.എസ്.ഐ അബ്ദുൾ നാസർ, സിവിൽ പൊലീസ് ഓഫിസർമാരായ പി.അനൂപ്, രമേഷ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ സുനിൽ കുമാർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ , സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ പി സഹദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.