
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കെ, പാർട്ടിയുമായി തെറ്റി അമ്പലപ്പുഴയില്‍ ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും യു.ഡി.എഫ് പിന്തുണയ്ക്കുകയും ചെയ്താല്‍ സി.പി.എമ്മിന് സിറ്റിംഗ് സീറ്റില്‍ അടിപതറുമെന്ന് പാർട്ടിക്ക് ആശങ്ക.
63 വർഷം നീണ്ട പാർട്ടി അംഗത്വം ഉപേക്ഷിച്ച് സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയങ്കില്‍ സി.പി.എമ്മിന് അത് കടുത്ത വെല്ലുവിളിയായി മാറും.
അമ്പലപ്പുഴയിലെ നിലവിലെ എം.എല്‍.എ എച്ച് സലാമിനെതിരേ പാർട്ടിയില്‍ എതിർപ്പ് ശക്തമാണ്. ഇതിനൊപ്പം പാർട്ടി വോട്ടുകളില്‍ ഒരു ഭാഗം കൂടി യു.ഡി.എഫ് വോട്ടുകള്‍ക്കൊപ്പം ചേർക്കപ്പെടാനായാല്‍ സ്വതന്ത്രനായി സുധാകരൻ ജയിച്ചു കയറുമെന്നാണ് വിലയിരുത്തല്‍.
സുധാകരനും പി.കെ.ശശിയും പാർട്ടിയില്‍ നിന്ന് വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥികളാവുന്നത് മാതൃകയാക്കി നിരവധി നേതാക്കള്‍ പാർട്ടി വിടാനിടയുണ്ടെന്നും വിലയിരുത്തലുണ്ട്.
സുധാകരൻ സ്വതന്ത്രനായി കളത്തിലിറങ്ങിയാല്‍ ആലപ്പുഴ ജില്ലയിലാകെ ഇടതുമുന്നണിക്ക് തിരിച്ചടിയാവുമെന്നുറപ്പാണ്.
സിപിഎം ജില്ലാ, സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവുമായി കഴിഞ്ഞ കുറേ നാളുകളായി ഉടക്കിലാണ് സുധാകരൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന വിവരം ഫേസ്ബുക്കിലൂടെ പരസ്യമാക്കിയ സുധാകരൻ, പാർട്ടിയില്‍ തുടർന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് തുറന്നടിച്ചത്. പാർട്ടി നേതൃത്വത്തിനാകെ ഇത് വെല്ലുവിളിയായി മാറുമെന്നുറപ്പാണ്.
മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർത്ഥം വരുന്ന പ്രയോഗം നടത്തി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കളിയാക്കി ചിരിച്ചു.
43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രാഞ്ചില്‍ വന്നു പ്രവർത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി ആർ.നാസർ അന്വേഷിച്ചിട്ടില്ല.
കഴിഞ്ഞ അഞ്ചുവർഷക്കാലവും ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനും ജില്ലാ സെക്രട്ടറി അനുമതി നല്‍കിയില്ല.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം തന്റെ വീടിനടുത്ത് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മർദ്ദനവും ബി.ഐ.ആർ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാളായ തനിക്ക് ക്ഷണക്കത്ത് പോലും നല്‍കിയില്ല.
തന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍.സി മെമ്പർ പോസ്റ്റിട്ടു. അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്- ഇതൊക്കെയാണ് സുധാകരൻ തുറന്നടിച്ച മറ്റ് കാര്യങ്ങള്‍.
ബ്രാഞ്ച് സെക്രട്ടറി നേരിട്ടെത്തിയിട്ടും അംഗത്വം പുതുക്കുന്നില്ലെന്ന് സുധാകരൻ അറിയിച്ചിരുന്നു. ജി.സുധാകരൻ ഒഴികെ 18 അംഗംങ്ങളില്‍ 17 പേരുടെയും ഫോം ജില്ലാ കമ്മിറ്റിക്ക് നല്‍കിയിട്ടുമുണ്ട്.
യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനു പകരം സുധാകരൻ സ്വന്തം നിലയില്‍ സ്വതന്ത്രനായി രംഗത്തുവരികയും യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്.
ഏറെക്കാലമായി സുധാകരനെ ഒതുക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവച്ച പല പദ്ധതികളുടെയും ഉദ്ഘാടനത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. അതിനിടെ കോണ്‍ഗ്രസ് അനുകൂല വേദികളിലെത്തിയ സുധാകരൻ വി.ഡി സതീശനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.
താൻ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ശബരിമലയിലെ ഒരു സ്വർണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ലെന്നും ഒരു അഴിമതിയും നടന്നിട്ടില്ലെന്നുമുള്ള പ്രതികരണം പാർട്ടിയെയും സർക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി.
മുൻകാലങ്ങളിലെ ജനപിന്തുണ കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ക്ക് ഇപ്പോഴുണ്ടോയെന്ന സുധാകരന്റെ പൊതുവേദിയിലെ ചോദ്യവും പാർട്ടിക്ക് തിരിച്ചടിയായി. അനുനയത്തിന് സി.പി.എം ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങുന്ന മട്ടില്ല.
താൻ അമ്പലപ്പുഴയില്‍ മത്സരിച്ചാല്‍ അൻപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പലതവണ ജി.സുധാകരൻ പറഞ്ഞിട്ടുണ്ട്.
മണ്ഡലത്തില്‍ കഴിഞ്ഞകാലങ്ങളില്‍ വൻ വികസനം നടത്തിയ തനിക്കാണ് കൂടുതല്‍ ജയസാധ്യതയെന്നാണ് സുധാകരൻ അടുപ്പക്കാരോട് പറയുന്നത്. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്.സലാമാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സിറ്റിംഗ് എം.എല്‍.എയ്ക്ക് വീണ്ടും മത്സരിക്കാൻ അവസരം നല്‍കാനാണ് പാർട്ടി തീരുമാനം. അച്ചടക്ക നടപടികളും പരസ്യ വിമർശനങ്ങളും അദ്ദേഹത്തെ പാർട്ടിയുടെ മുഖ്യധാരയില്‍ നിന്ന് അകറ്റിയെങ്കിലും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്നാണ് അദ്ദേഹം ആവർത്തിച്ചിരുന്നത്.
എന്നാല്‍, പുതിയ സാഹചര്യത്തില്‍ അതിനപ്പുറത്തേക്ക് സുധാകരൻ മാറിച്ചിന്തിക്കുന്നുവെന്ന സൂചനകളാണ് ഫേസ്ബുക് പോസ്റ്റിലുള്ളത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് ജി. സുധാകരനും പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ക്കും പരസ്യഏറ്റുമുട്ടലുകള്‍ക്കും തുടക്കമായത്.
രണ്ടുതവണ മത്സരിച്ചവർക്ക് സീറ്റ് നല്‍കേണ്ടെന്ന പാർട്ടിയുടെ നയപരമായ തീരുമാനത്തെതുടർന്ന് അമ്പലപ്പുഴയില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു.
സ്ഥാനാർഥിയായ എച്ച്. സലാമിനെ സുധാകരൻ സഹായിച്ചില്ലെന്നും പ്രചാരണത്തില്‍ നിർജീവമായെന്നും തെരഞ്ഞെടുപ്പിന് ശേഷം പരാതി ഉയർന്നു.
ഇക്കാര്യം അന്വേഷിക്കാൻ എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങിയ കമീഷനെയാണ് പാർട്ടി നിയോഗിച്ചത്. കമീഷന് സമർപ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തില്‍ താൻ 19 പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തുവെന്ന് സുധാകരൻ വ്യക്തമാക്കി.
എന്നാല്‍, ഈ വിശദീകരണം തള്ളി 2021 നവംബറില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. ഇത് മാനസികമായി തളർത്തി.
[5:00 PM, 3/5/2026] SOMAN: S







