video
play-sharp-fill
വി.സിമാരെ രാജിവെപ്പിക്കൽ നിയമപോരാട്ടങ്ങളിലേക്ക്‌; അസാധാരണ സാഹചര്യം, അനുകൂലിച്ചും എതിർത്തും വിദഗ്ധർ;ഗവർണർ സർക്കാർ പോര് അതിന്റെ പാരമ്യത്തിൽ.ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികൾക്കുമുമ്പിൽ എത്തിയിട്ടില്ലെന്നതും ചരിത്രം…

വി.സിമാരെ രാജിവെപ്പിക്കൽ നിയമപോരാട്ടങ്ങളിലേക്ക്‌; അസാധാരണ സാഹചര്യം, അനുകൂലിച്ചും എതിർത്തും വിദഗ്ധർ;ഗവർണർ സർക്കാർ പോര് അതിന്റെ പാരമ്യത്തിൽ.ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികൾക്കുമുമ്പിൽ എത്തിയിട്ടില്ലെന്നതും ചരിത്രം…

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാടില്‍ നിയമവൃത്തങ്ങള്‍ക്ക് ഭിന്നാഭിപ്രായം. അസാധാരണമായ സാഹചര്യമാണ് ഗവര്‍ണര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികള്‍ക്കുമുമ്പില്‍ എത്തിയിട്ടില്ല.

വൈസ് ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്കാണ് പൂര്‍ണാധികാരെമന്ന് സുപ്രീംകോടതി സാങ്കേതികസര്‍വകലാശാലാ വൈസ് ചാന്‍സലറെ നീക്കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയതിനാല്‍ ഗവര്‍ണറുടെ നിര്‍ദേശത്തിന് നിയമപരമായ സാധുതയുണ്ടെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം അഭിപ്രായപ്പെട്ടത്. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കാന്‍ കുറഞ്ഞത് മൂന്നുപേരുകള്‍ ഉള്‍പ്പെട്ട പട്ടികയാണ് ഗവര്‍ണര്‍ക്ക് നൽകേണ്ടതെന്നാണ് യു.ജി.സി. ചട്ടത്തില്‍ പറയുന്നത്. ഇങ്ങനെ നല്‍കുന്ന പട്ടികയില്‍നിന്ന് ഗവര്‍ണറാണ് ഒരാളെ വൈസ് ചാന്‍സലറായി നിയമിക്കേണ്ടത്. ഇതിനുവിരുദ്ധമായി ഒരാളുടെ പേരുമാത്രം നിര്‍ദേശിക്കുമ്പോള്‍ സേര്‍ച്ച് കമ്മിറ്റി നിയമനാധികാരിയായി മാറുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു.

ഭരണഘടന ഗവര്‍ണര്‍ക്കുനല്‍കുന്ന വിവേചനാധികാരത്തിലൊന്ന് ചാന്‍സലര്‍ എന്നനിലയില്‍ സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നതാണ്. ചാന്‍സലറെന്നനിലയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്ന് എവിടെയും പറയുന്നില്ല. സർവകലാശാലകളുടെ സ്വയംഭരണാധികാരം ഉറപ്പാക്കാനാണ് ഇത്തരമൊരു വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നാണ് മുന്‍ പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലായിരുന്ന അഡ്വ. ടി. ആസഫ് അലി അഭിപ്രായപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, വൈസ് ചാൻസലര്‍മാരോടെല്ലാം രാജിവെക്കാന്‍ പറയാന്‍ ഗവര്‍ണര്‍ക്ക് ഒരധികാരവുമില്ലെന്ന് മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ രഞ്ജിത്ത് തമ്പാന്‍ അഭിപ്രായപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി നിയമിച്ചയാളോട് പിന്നീടുണ്ടായ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി രാജിവെക്കാന്‍ രാഷ്ട്രപതിക്ക് ആവശ്യപ്പെടാനാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

സുപ്രീംകോടതി ഒരു സർവകലാശാലയുടെ കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മറ്റുസര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോടെല്ലാം രാജിവെക്കാന്‍ ആവശ്യപ്പെടാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന അഭിഭാഷകരുടെ അഭിപ്രായം. സുപ്രീംകോടതി ഉത്തരവിനെ നിയമമായി കണക്കാക്കാനാകില്ലെന്നതാണ് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.