
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനെയും കൈവിടാനുള്ള ഒരുക്കത്തിലാണ് സിപിഎം. കേസിൽ ആരേയും സംരക്ഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം.
മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം. രവീന്ദ്രന് രക്ഷപ്പെടാൻ അവസരമൊരുക്കുന്നുവെന്ന ചർച്ചകൾ സിപിഎമ്മിന് നാണക്കേടാകുമെന്നാണ് വിലയിരുത്തൽ. രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് ബന്ധപ്പെട്ടവരോട് സിപിഎം കേന്ദ്ര നേതാക്കൾ നിർദ്ദേശിച്ചു കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ശാസനയ്ക്ക് ശേഷമാണ് മെഡിക്കൽ കോളേജിൽ നിന്നും രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്തത്.രവീന്ദ്രനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ അടങ്ങുന്ന ഒട്ടേറെ സന്ദേശങ്ങളും രേഖകളുമാണു ഇമെയിലിലും തപാലിലും ഇഡിയുടെ ഓഫിസിൽ ലഭിച്ചത്.
വിവരം നൽകിയവരിൽ വിരമിച്ച ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. ലഭിച്ച രേഖകളിൽ ചിലതു തുടർപരിശോധനകളിൽ യഥാർഥമെന്നു തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രവീന്ദ്രനെതിരെ കേസും വരും.
അതുകൊണ്ട് തന്നെ രവീന്ദ്രന് ഇനി വലിയ സഹായമൊന്നും ചെയ്തു കൊടക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ഇഡിക്ക് കിട്ടിയ പരാതികളെല്ലാം സിപിഎം കേന്ദ്ര നേതൃത്വത്തിനും കിട്ടിയിട്ടുണ്ട്. ഇതിലെ വസ്തുകൾ മനസ്സിലാക്കിയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ.
രവീന്ദ്രൻ ഇന്നലെ ആശുപത്രി വിട്ടതോടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യംചെയ്യൽ ഉടനുണ്ടാകും. അതിനിർണ്ണായകമാകും ചോദ്യം ചെയ്യൽ. കേസിൽ രവീന്ദ്രൻ പ്രതിയായാൽ പിന്നെ സിപിഎം അനുകൂല നിലപാട് എടുക്കുകയുമില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ പോലെ രവീന്ദ്രനേയും തള്ളി പറയും.
വടകരയിൽ രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന 6 സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു.ബിനാമി ബന്ധം അന്വേഷിക്കാൻ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. മുൻപു രണ്ടു വട്ടം ചോദ്യംചെയ്യലിന് ഇഡി നോട്ടിസ് അയച്ചിട്ടും രവീന്ദ്രൻ ഹാജരായിരുന്നില്ല.
കേസിൽ പ്രതിയായ എം.ശിവശങ്കറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ഈ മാസം 6നു ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ തലേന്നു കോവിഡ് സ്ഥിരീകരിച്ച് രവീന്ദ്രൻ ചികിത്സ തേടി. 10 ദിവസം കഴിഞ്ഞ് നെഗറ്റീവായതോടെ, ഇന്നലെ ഹാജരാകാൻ നോട്ടിസ് നൽകി.
എന്നാൽ കോവിഡിനു ശേഷമുള്ള ചുമയ്ക്കും ശ്വാസതടസ്സത്തിനും രവീന്ദ്രൻ ബുധനാഴ്ച വൈകിട്ട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സ തേടി. കുഴപ്പമില്ലെന്ന് ഇന്നലെ സ്‌കാൻ, എക്‌സ്‌റേ പരിശോധനകളിൽ കണ്ടെത്തിയതോടെയാണു ഡിസ്ചാർജായത്.
രവീന്ദ്രനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് ശരിയല്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ വിലയിരുത്തൽ. പിബി അംഗം എംഎ ബേബിയും ഉറച്ച നിലപാടിലാണ്. രവീന്ദ്രൻ ആശുപത്രി വിട്ടതു സിപിഎം നേതൃത്വത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്നാണു വിവരം. േ
ചാദ്യംചെയ്യലിൽനിന്നു മാറിനിൽക്കുന്നുവെന്ന പ്രചാരണം ആശാസ്യമല്ലെന്നു പാർട്ടിയിൽ അഭിപ്രായം ഉയർന്നിരുന്നു. എത്ര വൈകിയാലും ഒഴിഞ്ഞുമാറാനാവില്ലെന്നാണ് വിലയിരുത്തൽ. ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറാനാണു ശ്രമമെന്നു പ്രതിപക്ഷം ആരോപണമുയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടത്.
സിപിഎം പിബി അംഗമായ എംഎ ബേബിയുടെ ഇടപെടലുകളാണ് രവീന്ദ്രന് വിനയാകുന്നത്. പാർട്ടിയുടെ അടിത്തറ ഇളക്കാതെ മുൻപോട്ട് പോകുന്നതിനുള്ള കരുതലുകൾ അനിവാര്യമാണെന്നാണ് ബേബിയുടെ പക്ഷം. മുതിർന്ന നേതാവായ എസ് രാമചന്ദ്രൻപിള്ളയും ഇതിനെ അനുകൂലിക്കുന്നുണ്ട്.



