
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വിവാദത്തിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനും, സർക്കാരിനും നാളെ നിർണായക ദിനം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനായി കൊച്ചി എൻ.ഐ.എ. ഓഫീസിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കൊച്ചി യൂണിറ്റിൽ ഒരുക്കിയ പ്രത്യേക മുറിയിലായിരിക്കും ചോദ്യം ചെയ്യുക. ഡൽഹി, ഹൈദരാബാദ് എൻഐഎ യൂണിറ്റുകളിലെ വിദഗ്ധരായ ഉദ്യോഗസ്ഥരും ഇതിനായി ഇന്നു കൊച്ചിയിലെത്തും. സ്വർണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.
കേസിൽ കസ്റ്റംസ്, എൻഐഎ സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും കണ്ടെത്തിയ വിവരങ്ങളും അറസ്റ്റിലായ പ്രതികളുടെ മൊഴികളും പഠിച്ച ശേഷം തയാറാക്കിയ ചോദ്യാവലിയാണു ശിവശങ്കറിനെ കാത്തിരിക്കുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന സ്വർണക്കടത്തു കേസിൽ ശിവശങ്കർ പ്രതിയാകുമോ അതോ എൻഐഎ അന്വേഷിക്കുന്ന ഭീകരപ്രവർത്തന കേസിൽ മുഖ്യസാക്ഷിയാകുമോ എന്നറിയാൻ ചോദ്യം ചെയ്യൽ പൂർത്തിയാകണം. സ്വർണക്കടത്തിനും ഭീകര പ്രവർത്തനത്തിനും ബോധപൂർവം സഹായിക്കുമെന്നു കരുതുന്നില്ലെന്നും പിന്നെ എന്തുകൊണ്ട് ഇതു സംഭവിച്ചുവെന്നു ശിവശങ്കർ തന്നെ വ്യക്തമാക്കണമെന്നും മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ തിരുവനന്തപുരത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇതോടെ വികാരാധീനനായ ശിവശങ്കറിന് ആലോചിച്ചു മറുപടി നൽകാൻ അന്വേഷണ സംഘം കൂടുതൽ സമയം അനുവദിക്കുകയായിരുന്നു എന്നും ആക്ഷേപം ഉയരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്നയുമായും സരിത്തുമായുമുള്ള ബന്ധമാണ് ശിവശങ്കറിനു കുരുക്കായത്. എന്നാൽ, വ്യക്തിബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന സ്വാധീനം പ്രതികൾ സ്വർണക്കടത്തിനടക്കം ഉപയോഗപ്പെടുത്തിയെന്നു ബോധ്യപ്പെട്ടാലേ ശിവശങ്കറിനെ കേസിൽ പ്രതിചേർക്കാനിടയുള്ളൂ. ശിവശങ്കർ ചെയ്ത തെറ്റ് സർക്കാരിന്റേതാകില്ലെന്ന രാഷ്ട്രീയനിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും വിശദീകരിച്ചതാണ്.
കേസ് ഒരുതരത്തിലും സർക്കാരിനെ ബാധിക്കുന്നില്ലെന്ന് പ്രവർത്തനത്തിലൂടെ ബോധ്യപ്പെടുത്തുകയെന്നതാണ് സി.പി.എം. സ്വീകരിച്ച സമീപനം. ഇതുകൊണ്ടാണ് പതിവ് പത്രസമ്മേളനങ്ങൾ അവധിദിവസങ്ങളിലല്ലാതെ മുടക്കമില്ലാതെ നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും ജനങ്ങളിലെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കേസ് ഏതറ്റംവരെ പോകുന്നതിലും സർക്കാരിന് എതിർപ്പില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്, ഒരുപരിധിവരെ ജനങ്ങളിലുണ്ടാക്കിയ സംശയത്തെ ദൂരീകരിക്കാനായിട്ടുണ്ടെന്നും സി.പി.എം. കരുതുന്നു.
കസ്റ്റംസിന് നൽകിയ മൊഴിയിലും കഴിഞ്ഞ ദിവസം എൻഐഎക്ക് നൽകിയ മറുപടികളിലും കാര്യമായ വൈരുധ്യമുള്ളതിനാൽ ഉത്തരങ്ങൾ ഏറെ നിർണായകമാകും. ശിവശങ്കർ സ്വർണക്കടത്തു സംഘത്തിനു താവളമൊരുക്കി നൽകിയെന്ന നിലപാടിലാണ് അന്വേഷണസംഘം. അവിടെ വച്ച് സംഘം സ്വർണക്കൈമാറ്റം നടത്തിയതിന് ഉൾപ്പെടെ തെളിവുകളുണ്ട്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള മറുപടികളാണു ശിവശങ്കർ നൽകിയതെങ്കിൽ തിങ്കളാഴ്ച അതല്ല തങ്ങൾക്കു വേണ്ടതെന്ന സൂചനയാണ് അന്വേഷണസംഘം നൽകുന്നത്.









