
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ വില 65,800 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയുമായി.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില 66,000ത്തിന് താഴെയെത്തുന്നത്. ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരുന്ന സ്വർണവില ഈ മാസം മൂന്ന് തൊട്ടാണ് ഇടിയാൻ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് ഉണ്ടായത്.
സ്വർണം വാങ്ങാൻ പോകുന്നവരെ സംബന്ധിച്ച് ഇതൊരു ലോട്ടറി തന്നെയാണ്. വരും ദിവസങ്ങളിലും ഈ പ്രവണത തുടർന്നേക്കും. പവന് അരലക്ഷത്തിൽ താഴെ പോകുമെന്നാണ് പലരുടെയും കണക്കുകൂട്ടൽ. സ്വർണ വിലയിൽ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകർ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരാനിരിക്കുന്ന ആഗോള രാഷ്ട്രീയ സാഹചര്യവും വിപണിയിലെ ട്രെൻഡും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാൽ വില വൈകാതെ കുത്തനെ ഇടിയുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ 70,000 രൂപ കൊടുത്താലും ഒരു പവൻ സ്വർണം കിട്ടാത്ത സ്ഥിതിയായിരുന്നു.
പണപ്പെരുപ്പം, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ഒപ്പം അത് സൃഷ്ടിച്ച സാമ്പത്തിക അസ്ഥിരത എന്നിവ സ്വർണ വില വർദ്ധിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സാമ്പത്തിക രംഗത്ത് വലി തിരിച്ചടിയുണ്ടാകുമെന്ന തോന്നൽ നിക്ഷേപകരെ മറ്റ് ഇടപാടുകളിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്.
ഇതിൽ നല്ലൊരു പങ്കും ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കണ്ടു. അത് വലിയ തോതിൽ സ്വർണ വില ഉയരാൻ കാരണമായി. ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി എത്തിയതോടെ സ്വീകരിക്കുന്ന നയങ്ങളും വിപണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം സ്വർണത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കാൻ കാരണമായി.
എന്നാൽ, മറ്റുചില കാരണങ്ങൾ സ്വർണവില താഴ്ത്തുമെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു. സ്വർണത്തിന്റെ വിതരണം വളരെ വേഗത്തിൽ വർദ്ധിക്കുന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം.



