
കൊച്ചി: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് തന്നെ ഒരു ‘പുഴുക്കുത്ത്’ ആണെന്നും പെണ്ണിനോടും പൊന്നിനോടും അദ്ദേഹത്തിന് അമിതമായ താല്‍പ്പര്യമാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ പുലർത്തേണ്ട മാന്യതയോ നിലവാരമോ ഗണേഷിനില്ല. സ്വന്തം കുടുംബത്തോടും ഭാര്യയോടും നീതി കാണിക്കാത്ത ഇത്തരമൊരു വ്യക്തിയെ മന്ത്രിസഭയില്‍ വെച്ചുപൊറുപ്പിക്കുന്നത് സർക്കാരിന്റെ ഇമേജ് തകർക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗണേഷ് കുമാറിന്റേത് വഷളായ രീതിയാണെന്നും ഇത്രയും ‘തറ’യായ ഒരു മന്ത്രിയെ വേറെ കാണാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ‘ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് മാത്രം കാര്യമില്ല. മാന്യതയും മര്യാദയും വേണം. തനിക്ക് അയ്യായിരം പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍താമസം ഉള്ളവർ പറയുമോ? ഇയാളെ ഊളംപാറയിലല്ലേ അയക്കേണ്ടത്?’ – വെള്ളാപ്പള്ളി ചോദിച്ചു.
ഭാരതീയ സംസ്കാരത്തിന് നിരക്കാത്ത പ്രവർത്തികളാണ് ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. മുൻപ് യുഡിഎഫ് ഭരണകാലത്തും സമാനമായ വിവാദങ്ങള്‍ ഉണ്ടായ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങള്‍ക്ക് തൃപ്തികരമായ ഒരു തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും അതില്‍ നീതിയുണ്ടാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം നിലയില്‍ ക്യാമറയും ആളുകളെയും കൊണ്ടുവന്ന് താനാണ് ‘നമ്പർ വണ്‍ മന്ത്രി’ എന്ന് പത്രങ്ങളില്‍ അടിച്ചുവന്ന ചരിത്രം എല്ലാവർക്കും അറിയാവുന്നതാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ഇമേജ് ബില്‍ഡ് ചെയ്യാൻ നടത്തുന്ന ഇത്തരം നാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അടക്കം ആരോപണങ്ങള്‍ ഉയർന്നുനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍, ഗണേഷ് കുമാറിനെപ്പോലൊരാളെ സംരക്ഷിക്കുന്നത് എല്‍ഡിഎഫിന് ഗുണകരമാകില്ല.
പത്തനാപുരത്തെ വീട്ടില്‍ നടന്ന കാര്യങ്ങളും കുടുംബത്തോടും വീട്ടുകാരോടും അദ്ദേഹം ചെയ്തതൊക്കെ താൻ ഇപ്പോള്‍ പറയുന്നില്ലെന്നും എന്നാല്‍ മന്ത്രിയായപ്പോഴെങ്കിലും നിലവാരം കാത്തുസൂക്ഷിക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.



