കഞ്ചാവ് മാഫിയയുടെ ആക്രമണം: തിരുവാതുക്കലിലും, കുടമാളൂരിലും പിടിമുറുക്കി കഞ്ചാവ് മാഫിയ സംഘം: കുടമാളൂരിൽ പെട്രോൾ ബോംബ് ആക്രമണം നടത്തിയ പ്രതികളെ കണ്ടെത്താനായില്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ചാവ് മാഫിയയുടെ ആക്രമണം നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സംഘം പിടിമുറുക്കുന്നു. തിരുവാതുക്കലിലും, ഇല്ലിക്കലിലും കാരാപ്പുഴയ്ക്കും പിന്നാലെ കുടമാളൂർ മെഡിക്കൽ കോളേജ് ആർപ്പൂക്കര പ്രദേശങ്ങളിലാണ് ഗുണ്ടാ സംഘങ്ങളുടെ തണലിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ സജീവമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
കഞ്ചാവ് മാഫിയയ്ക്ക് ഗുണ്ടാ സംഘങ്ങളുടെ സഹായം ലഭിച്ചു തുടങ്ങിയതോടെ സ്‌കൂൾ വിദ്യാർത്ഥികളും നാട്ടുകാരും അടക്കമുള്ളവർ ഭയപ്പാടിലാണ്. തിരുവാതുക്കലിൽ വീട് ആക്രമണത്തിനു പിന്നാലെയാണ് കഞ്ചാവ് മാഫിയ സംഘം ജില്ലയിലും, നഗരത്തിലും നടത്തുന്ന ഇടപെടലുകൾ വീണ്ടും ചർച്ചയായത്. തിരുവാതുക്കലിൽ വീട് ആക്രമിച്ച സംഘത്തിലുണ്ടായിരുന്നവരിൽ മിക്കവരും 25 വയസിൽ താഴെ പ്രായമുള്ളവരാണ്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളാണ് ക്ഞ്ചാവ് മാഫിയയുടെ പിടിയിലായകുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആക്രമണങ്ങൾ.
ഒരു മാസം മുൻപ് കുടമാളൂരിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ കഞ്ചാവ് മാഫിയയുടെ ബോംബ് ആക്രമണം ഉണ്ടായിരുന്നു. ഈ മാഫിയ സംഘത്തിൽ ഒരാളെ പോലും പിടികൂടാൻ പൊലീസിനും സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ മാഫിയ സംഘം കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഗുണ്ടാ സംഘങ്ങളാണ് കഞ്ചാവ് മാഫിയയ്ക്ക് ഇപ്പോൾ വേണ്ട തണലൊരുക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് കേരളത്തിൽ വിൽക്കുന്നതിന് ഈ ഗുണ്ടാ സംഘങ്ങളാണ് ഇപ്പോൾ തണലൊരുക്കുന്നത്. കഞ്ചാവ് – മാഫിയ ഗുണ്ടാ സംഘങ്ങൾ പരസ്പരം കൈ കോർത്തതോടെ നാട്ടുകാർക്കും പൊലീസിനും അടക്കം വൻ ഭീഷണി ആണ് ഈ സംഘങ്ങൾ ഉയർത്തുന്നത്.