ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന മാഫിയ സംഘത്തലവൻ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് തോട്ടങ്ങളിൽ പോയി കഞ്ചാവ് വാങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തിരുന്ന തമിഴ്‌നാട് കമ്പം തമ്പീസ് തീയറ്ററിനു സമീപം വടക്കുപെട്ടി വാർഡിൽ തലൈവർ രാസാങ്കം എന്ന് വിളിക്കുന്ന രാസാങ്ക (45) ത്തെ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് തമിഴ്‌നാട്ടിലെ കമ്പത്തെ കഞ്ചാവ് കോളനിയിൽ നിന്നും പിടികൂടി.
രാസാങ്കമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നത്. തമിഴ്‌നാട്ടിലെ കമ്പം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘം ആന്ധ്ര ഒറീസ സംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവ് ട്രെയിൻമാർഗം ചെന്നൈയിൽ എത്തിക്കുകയും, തുടർന്ന് ഇവിടെ നിന്നു രാസാങ്കത്തിന്റെയും, നേരത്തെ ആന്റി ഗുണ്ടാ സ്‌ക്വാഡ് പിടികൂടിയ ശിങ്കരാജിന്റെയും ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ ചരക്ക് വാഹനങ്ങളിൽ കമ്പത്തെ കോളനികളിലേയ്ക്ക് കഞ്ചാവ് എത്തിക്കും. ഇവിടെയുള്ള വിവിധ വീടുകളിൽ രഹസ്യ അറയുണ്ടാക്കി നായ്ക്കളുടെ സംരക്ഷണയിൽ കഞ്ചാവ് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഇവരുടെ മുഖ്യഇടനിലക്കാരായ കമ്പം സ്വദേശികളായ മുരുകൻ കാളിരാജ്, ചന്ദ്രു എന്നിവരുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കഞ്ചാവ് സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച് കഞ്ചാവ് മൊത്തമായും, ചില്ലറയായും വിൽക്കുകയാണ് ചെയ്യുന്നത്.
ഒരു കിലോ കഞ്ചാവിന് ആറായിരം രൂപയാണ് പ്രതികൾ ആളുകളിൽ നിന്നും ഈടാക്കിയിരുന്നത്. കമ്പത്തെ കഞ്ചാവ് വാങ്ങാനെത്തുന്നവർ ഗുണ്ടാ സംഘങ്ങളുടെ നിരീക്ഷണത്തിലാണ് അതിർത്തി കടക്കുന്നത്. ഇവരെ സഹായിക്കുന്നതിനായി സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘവും സജീവമായും തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിലുണ്ട്. കേരളത്തിലേയ്ക്കാണ് ഏറ്റവും കൂടുതൽ കഞ്ചാവ് വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ ലക്ഷങ്ങളാണ് ഓരോ ദിവസവും രാസാങ്കത്തിന്റെയും ശിങ്കരാജിന്റെയും നേതൃത്വത്തിലുള്ള കഞ്ചാവ് മാഫിയ കൊയ്യുന്നത്.
കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ രാസാങ്കത്തിനെതിരെ നിരവധി ക്രമിനൽകേസുകൾ നിലവിലുണ്ട്. ഒരു കേസിൽ പോലും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് രാസാങ്കത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ഒരു മാസം മുൻപ് വാറണ്ടുമായി രാസാങ്കത്തെ അറസ്റ്റ് ചെയ്യാൻ ജില്ലയിൽ നിന്നുള്ള പൊലീസ് സംഘം കമ്പത്ത് എത്തിയിരുന്നു. എന്നാൽ, പൊലീസ് സംഘം എത്തിയ വിവരം അറിഞ്ഞ്, രാസാങ്കാത്തിന്റെയും ശിങ്കരാജിന്റെയും ഗുണ്ടാ സംഘം പൊലീസിനെ വളഞ്ഞ് വച്ച് ആക്രമിക്കുകയും, വാഹനം തല്ലിത്തകർക്കുകയും, സാധനങ്ങൾ കവർച്ച ചെയ്യുകയും ചെയ്തിരുന്നു. തുടർന്നു രാസാങ്കത്തിനെതിരെ കമ്പം പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രതിയെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശാനുസരണം കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ് തമിഴ്‌നാട്ടിലേയ്ക്ക് തിരിക്കുകയായിരുന്നു. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ആരും കയറിച്ചെല്ലാൻ മടിക്കുന്ന കമ്പത്തെ കഞ്ചാവ് കോളനിയിൽ കയറിയ ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. തടയാനെത്തിയ ഗുണ്ടാ സംഘത്തെ സാഹസികമായി നേരിട്ടാണ് പൊലീസ് സംഘം രാസാങ്കത്തെ കീഴ്‌പ്പെടുത്തിയത്. സംഘത്തിൽ ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടൻ, എസ്.അജിത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ മനോജ്, സജമോൻ ഫിലിപ്പ്, ബിജു പി നായർ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.