
പിറന്നാൾ ആഘോഷത്തിനായി ഒത്തുകൂടി ഗുണ്ടകൾ: വീട് വളഞ്ഞ് പിടികൂടി പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: പിറന്നാൾ ആഘോഷത്തിനായി ഒത്തുച്ചേർന്ന ഗുണ്ടകളെ വീട് വളഞ്ഞ് പിടികൂടി പൊലീസ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചേരനാല്ലൂർ സ്വദേശി രാധകൃഷ്ണന്റെ വരാപ്പുഴ പുഞ്ചക്കുഴിയിലുള്ള വാടക വീട്ടിലായിരുന്നു ആഘോഷം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വരാപ്പുഴ പൊലീസ് ഗുണ്ടകളെ അറസ്റ്റ് ചെയ്തത്.
ചാവക്കാട് മണലംകുന്ന് ചെറുതോട്ടു പുറത്ത് അനസ് (25), ആലുവ തായിക്കാട്ടുകര കളത്തിപ്പറമ്പിൽ അർഷാദ് (23), ഹരിപ്പാട് കുഞ്ചനല്ലൂർ എസ്.പി ഹൗസിൽ സൂരജ് (26), ഹരിപ്പാട് വിളയിൽ തെക്കേതിൽ യദുകൃഷ്ണൻ (27), വടുതല വെള്ളിന വീട്ടിൽ ഷെറിൻ സേവ്യർ (47), കൂനംതൈ തോട്ടു പുറത്ത് സുധാകരൻ (42), ആലത്തൂർ കൊക്രാട്ടിൽ മുഹമ്മദ് ഷംനാസ് (28), ഏലൂർ കുടിയിരിക്കൽ വസന്ത് കുമാർ (22) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാപ്പ ചുമത്തപെട്ട് കൊച്ചി സിറ്റി പരിധിയിൽ നിന്ന് നാടുകടത്തപ്പെട്ടയാളാണ് രാധാകൃഷ്ണൻ. അറസ്റ്റിലായ മുഹമ്മദ് ഷംനാസ് കൊലപാതക കേസിലെ പ്രതിയാണ്. യദുകൃഷ്ണൻ, വസന്ത് കുമാർ എന്നിവർക്കെതിരെയും വധശ്രമത്തിന് കേസുണ്ട്. അനസിന് വടക്കേക്കര പൊലീസ് സ്റ്റേഷനിൽ മൂന്നു കേസുകളുണ്ട്.
അർഷൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസിൽ പ്രതിയാണ്. സൂരജ് ഹരിപ്പാട് സ്റ്റേഷനിൽ മൂന്ന് കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഷെറിൻ സേവ്യറിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ 4 കേസുകളുണ്ട്. സുധാകരൻ കളമശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരകായുധമായെത്തി ആക്രമിച്ച കേസിൽ പ്രതിയാണ്.