ഓണാവധിക്ക് സ്കൂളുകള്‍ അടക്കാനിരിക്കെ വിദ്യാർത്ഥികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കിയ പണത്തിനായി പ്രഥമ അധ്യാപരുടെ നെട്ടോട്ടം; ഉച്ചഭക്ഷണത്തിനുള്ള അരി സൗജന്യം; ഉപ്പ് തൊട്ട് പച്ചക്കറി വരെ വാങ്ങാൻ കൈയില്‍ നിന്ന് പണം മുടക്കണം; ഫണ്ട് അനുവദിക്കാത്തതിനാൽ അധ്യാപകന്റെ പോക്കറ്റ് കാലി; ഉച്ചഭക്ഷണം കുശാലാകണം, മുട്ടയും പാലും നിർബന്ധം; ഒരു കുട്ടിയ്ക്ക് സർക്കാർ നൽകുന്നത് 8 രൂപ മാത്രം; അതും കിട്ടാക്കനിയായി മുടങ്ങി കിടക്കുന്നു
കോട്ടയം: ഓണാവധിക്ക് സ്കൂളുകള്‍ ഇന്ന് അടക്കാനിരിക്കെ വിദ്യാർത്ഥികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കിയ പണത്തിനായി പ്രഥമാധ്യാപരുടെ നെട്ടോട്ടം. ഉച്ചഭക്ഷണത്തിനാവശ്യമായ അരി സൗജന്യമാണെങ്കിലും കറിയ്ക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറി വരെ കൈയില്‍ നിന്ന് പണം കൊടുത്ത് വാങ്ങണം.
പച്ചക്കറി, പലവ്യഞ്ജനം എന്നിവയുടെ ഫണ്ട് ഒരു ഗഡുവായും മുട്ട, പാല്‍ എന്നിവയുടേത് രണ്ടാം ഗഡുവുമായാണ് വിതരണം ചെയ്യുന്നത്. ജൂലായ് മാസത്തെ മുട്ട, പാല്‍ എന്നിവയുടെ ഫണ്ട് ലഭിച്ചു. പി.ടി.എകള്‍ ആദ്യം സഹകരിച്ചിരുന്നെങ്കിലും ഫണ്ട് തീർന്നതോടെ ഉത്തരവാദിത്തം പ്രധാനാധ്യാപകന്റെ തോളിലായി.
അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്ന ജോലിയ്ക്ക് പുറമേയാണ് ഇവർക്ക് ഉച്ചഭക്ഷണ വിതരണ ചുമതലയും നൽകിയിരിക്കുന്നത്. ഓരോ മാസവും ഭക്ഷണവിതരണത്തിനായി ചെലവായ തുകയുടെ കണക്ക് തൊട്ടടുത്ത മാസം രണ്ടിന് മുമ്പ് എ.ഇ.ഒ ഓഫീസുകളില്‍ സമർപ്പിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
10 ദിവസത്തിനുള്ളില്‍ തുക അനുവദിക്കുമെന്നാണ് പറച്ചില്‍. പക്ഷെ ഒന്നും നടന്നില്ല. ഒരു മാസം കുറഞ്ഞത് 16,000 രൂപ വേണ്ടിവരും. കുട്ടികളുടെ എണ്ണം കൂടുംതോറും കിട്ടാനുള്ള തുക കൂടും. തുക രണ്ട് മാസമായി മുടങ്ങിയതോടെ കച്ചവടക്കാർ പണം ആവശ്യപ്പെട്ട് പിന്നാലെ നടക്കുകയാണെന്ന് അധ്യാപകർ പറയുന്നു.
ഉച്ചഭക്ഷണത്തിന് നിലവില്‍ പ്രതിദിനം ഒരു കുട്ടിയ്ക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത് എട്ട് രൂപയാണ്. 150 കുട്ടികള്‍ വരെയുള്ള സ്‌കൂളിലാണിത്. 151 മുതല്‍ 500 വരെ കുട്ടികളുള്ള സ്‌കൂളില്‍ ഏഴ് രൂപ ലഭിക്കും. 500 ന് മുകളില്‍ ആറു രൂപയാണ് നല്‍കുന്നത്. ആഴ്ചയില്‍ ഒരു മുട്ടയും രണ്ടു തവണ പാലും നിർബന്ധമാണ്.
കോടതി ഇടപെടലിലായിരുന്നു ജൂണിലെ തുക അനുവദിച്ചത്. മുട്ട, പാല്‍ വിതരണത്തിനും കുട്ടികളുടെ ഉച്ചഭക്ഷണച്ചെലവ് ഇനത്തിലും പ്രത്യേകം തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.പി.പി.എച്ച്.എയും കെ.പി.എസ്.എച്ച്.എയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നിട്ടും തുടർമാസങ്ങളിലേത് നല്‍കാൻ ഇതുവരെ നടപടിയായില്ല.
”സർക്കാർ തരുന്നതിനേക്കാള്‍ കൂടുതല്‍ പണം കൈയില്‍ നിന്ന് ചെലവാകും. ഇപ്പോള്‍ സർവസാധനങ്ങള്‍ക്കും വിലകൂടിയെങ്കിലും അതിന് അനുസരിച്ച വിഹിതം വർദ്ധിപ്പിച്ചിട്ടില്ല. ലോണും മറ്റ് ബാദ്ധ്യതകളുമുള്ളപ്പോള്‍ പണം വൈകുന്നത് പ്രതിസന്ധിയാകുന്നുണ്ട്. മുൻകൂറായി തുക അനുവദിക്കണമെന്നും പ്രധാനാധ്യാപകർ പറയുന്നു.