play-sharp-fill
ശവസംസ്‌കാരത്തെ ചൊല്ലി തർക്കം; ആർപ്പൂക്കരയിൽ സംഘർഷം, ശവമടക്ക് തടസ്സപ്പെട്ടു

ശവസംസ്‌കാരത്തെ ചൊല്ലി തർക്കം; ആർപ്പൂക്കരയിൽ സംഘർഷം, ശവമടക്ക് തടസ്സപ്പെട്ടു

 

സ്വന്തം ലേഖകൻ

കോട്ടയം: സ്റ്റെ നിലനിൽക്കുന്ന പൊതു സ്മശാനത്തിൽ ശവമടക്കുന്നത് ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സംസ്‌കാരം തടസ്സപ്പെട്ടു. ആർപ്പൂക്കര കണിയാംകുളം വേലിക്കാട്ട് പത്താംപറമ്പിൽ സുകുമാരൻ (83) ആണ് ഇന്നലെ വൈകിട്ട് 5.30ന് മരിച്ചത്. സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം തടിച്ചുകൂടിയതോടെ ആർപ്പൂക്കര പഞ്ചായത്തിൽനിന്ന് അനുമതി കത്ത് കിട്ടിയാൽ സംസ്‌കാരം നടത്താൻ അനുവാദം നൽകാമെന്ന പോലീസ് നിലപാടോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആർപ്പൂക്കര പെരുമ്പടപ്പ് കണിയാംകുളത്തെ വിശ്വകർമ്മ സഭയുടെ സ്മശാനത്തിൽ സംസ്‌കാരം നടത്തുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. വിശ്വകർമ്മ സമുദായംഗവും അയൽവാസിയുമായ സുകുമാരൻ ഇന്നലെ രാത്രി പ്രായാഖ്യത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇന്ന് രാവിലെ 11-നാണ് കണിയാംകുളത്തെ സ്മശാനത്തിൽ ഇദ്ദേഹത്തിന്റെ സംസ്‌കാരം നടത്താൻ തീരുമാനമായത്. എന്നാൽ, ഇവിടെ സംസ്‌കാരത്തിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടെ ഒരു വിഭാഗം പ്രതിക്ഷേതവുമായി രംഗത്തെത്തുകയായിരുന്നു. ഇവർ വിവരം പോലീസിൽ അറിയിച്ചതോടെ ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പോലീസ് തടഞ്ഞതോടെ കൂടുതൽ ആളുകൾ സ്ഥലത്തെത്തി. ഇതേതുടർന്ന് കോട്ടയം ഡി.വൈ.എസ്.പി ആർ.ശ്രീകുമാർ, ഏറ്റുമാനൂർ സി.ഐ എ.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. എന്നാൽ സംഘർഷത്തിന് അയവുണ്ടായില്ല. ഈ സ്മശാനത്തിൽ സംസ്‌കാരം നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ ചിലർ പഞ്ചായത്തിലും ജില്ലാ കളക്ടർക്കും നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഇടപെട്ട് സംസ്‌കാരം തടഞ്ഞത്. പഞ്ചായത്തിൽനിന്നും കത്ത് ലഭിച്ചാൽ സംസ്‌കാരം നടത്താമെന്ന് പോലീസ് നിലപാടെടുത്തു. അതേതുടർന്നാണ് സംഘർഷാവസ്ഥക്ക് അയവുണ്ടായത്. പോലീസ് നിർദ്ദേശം അനുസരിച്ച് ഒരു വിഭാഗം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കത്ത് വാങ്ങാനായി തിരിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ അനുമതി ലഭിച്ചാൽ ഇന്ന് വൈകിട്ട് 3 മണിക്ക് ഇതേ സ്മശാനത്തിൽ സംസ്‌കാരം നടത്താമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.