കുട്ടനാട് വായ്പാ തട്ടിപ്പ് കൂടുതൽ അറസ്റ്റ് ഉണ്ടാകും

കുട്ടനാട് വായ്പാ തട്ടിപ്പ് കൂടുതൽ അറസ്റ്റ് ഉണ്ടാകും

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: കുട്ടനാട് കാർഷിക വായ്പാതട്ടിപ്പ് കേസിൽ കൂടുതൽ പേർ പ്രതികളാകും. സ്വാശ്രയ സംഘങ്ങളുടെ ഭാരവാഹികളെ കൂടി പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് നീക്കം. സ്വാശ്രയ സംഘം ഭാരവാഹികളിൽ നിന്ന് മുൻകൂർ ചെക്ക് ഒപ്പിട്ട് വാങ്ങിയതായും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫാദർ തോമസ് പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതി ഓഫീസിൽ വെച്ച് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. മുൻകൂർ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈബ്രാഞ്ച് അറിയിച്ചിരുന്നു. കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരിൽ ഗ്രൂപ്പുകളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളിൽ നിന്നായി കാർഷിക വായ്പ തട്ടിയെടുത്ത കേസിലാണ് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ തോമസ് പീലിയാനിക്കൽ പ്രതിയായത്. ഈ സംഭവത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് ഇതിനകം തന്നെ രജിസ്റ്റർ ചെയ്തത്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എൻ.സി.പി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയുമായ ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.