play-sharp-fill
പഠിച്ച ക്രിമിനലുകളെ തോൽപ്പിക്കുന്ന മറുപടി; ബി.എം.ഡബ്ലുവിൽ നിന്ന് പോളോയിലേക്ക് മാറിയ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

പഠിച്ച ക്രിമിനലുകളെ തോൽപ്പിക്കുന്ന മറുപടി; ബി.എം.ഡബ്ലുവിൽ നിന്ന് പോളോയിലേക്ക് മാറിയ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

സ്വന്തം ലേഖകൻ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഇതിനായുള്ള തയ്യാറെടുപ്പുകൾ പൊലീസ് തുടങ്ങിയതായാണ് സൂചന. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐജിയുടെ യോഗത്തിൽ വിലയിരുത്തിയത്. അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണസംഘം യോഗത്തിൽ അറിയിച്ചത്. ഇന്നലെ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വച്ച് ബിഷപ്പ് നൽകിയ മറുപടിയിൽ അനവധി വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങാൻ പോലീസ് തീരുമാനിച്ചത്. പോലീസിന്റെ ചോദ്യങ്ങൾക്ക് അക്കമിട്ട് നിരത്തിയ മറുപടിയായിരുന്നു ബിഷപ്പിന്റേത്. അഭിഭാഷകർ പറഞ്ഞു പഠിപ്പിച്ച മറുപടികൾ കൃത്യമായി ബിഷപ്പ് പോലീസിനോട് പറഞ്ഞു. കന്യാസ്ത്രീയെ ഉന്നതപദവിയിൽനിന്ന് നീക്കിയതിന്റെ വൈരാഗ്യമാണ് തന്നോടെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞത്. ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. ബുധനാഴ്ച ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലിൽ തങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തിൽ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയിൽ യോഗം ചേർന്നു. ആദ്യ ദിവസം നൽകിയ മൊഴികൾ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടക്കുക. ബിഷപ്പിനോട് ചോദിക്കുവാൻ കൂടുതൽ ചോദ്യങ്ങൾ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.


ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാണെന്നും ബിഷപ്പിന്റെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആരോപണങ്ങളെ പരമാവധി പ്രതിരോധിക്കുന്ന നിലപാടാണ് ബിഷപ്പ് ചോദ്യം ചെയ്യലിൽ സ്വീകരിച്ചതെന്നാണ് പൊലീസ് നല്കുന്ന സൂചന. എന്നാൽ ബിഷപ്പിന്റെ വാദം പൊലീസ് പൂർണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. ചില പൊരുത്തക്കേടുകൾ ഇപ്പോഴുമുണ്ട്. ഇതിന്റെ ചുവട് പിടിച്ചാകും ഇന്ന് കൂടുതൽ ചോദ്യം ചെയ്യൽ. ബലാത്സംഗ ആരോപണങ്ങൾ നിഷേധിച്ച ബിഷപ്പ് കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീർക്കുകയാണെന്നാണ് ഇന്നലെ നടന്ന ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. വാദങ്ങൾ നിരത്തുന്നതിന് ഫോൺ റെക്കോർഡുകളും, വീഡിയോകളും ഉൾപ്പടെ ബിഷപ്പ് ഫ്രാങ്കോ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ നിന്ന് കൊച്ചി മരടിലെ ആഡംബര ഹോട്ടലിലേക്കാണ് ബിഷപ്പ് പോയത്. ഹോട്ടൽ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group