കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ വൻ തീപിടിത്തം: ഞെട്ടൽ മാറാതെ മലയാളികൾ, നമ്മുടെ തൊട്ടടുത്തും അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ ഏതു സമയത്തും ഇത്തരം ദുരന്തമുണ്ടാകാം, 10 പേർക്ക് താമസിക്കാനുള്ള മുറികളിൽ കഴിയുന്നത് ഇരുപത്തഞ്ചും മുപ്പതും അന്യസംസ്ഥാന തൊഴിലാളികൾ; മിക്കവരും പാചകം ചെയ്യുന്നത് മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച് കിടപ്പുമുറിയിൽ തന്നെ; അപകട മുന്നറിയിപ്പ് ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ
കോട്ടയം: അതിഥിത്തൊഴിലാളികൾ എന്ന പേരിൽ അന്യസംസ്ഥാന തൊഴിലാളികളെ ആദരിക്കുമ്പോഴും അവർ നേരിടുന്ന ദുരിതം കണ്ടില്ലെന്നു നടിച്ച് അധികൃതർ. പല അന്യസംസ്ഥാന ക്യാമ്പുകളിലും പത്ത് പേർക്ക് താമസിക്കാവുന്ന മുറിയിൽ മുപ്പതും നാൽപ്പതും പേരാണ് താമസിക്കുന്നത്.
എല്ലുമുറിയെ പണിയെടുക്കുന്ന ഇവർക്ക് സംസ്ഥാനത്തൊട്ടാകെ ഈ സാഹചര്യം തന്നെയാണ് നിലനിൽക്കുന്നത്. പെരുമ്പാവൂരിലും കോട്ടയം ജില്ലയിലെ പായിപ്പാടും ചങ്ങാനാശ്ശേരിയിലും തോട്ടയ്ക്കാടും കോട്ടയം നഗരത്തിലും ഇത്തരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് താമസിക്കുന്നത്.
എന്നാൽ, ഇവരെ ജോലിക്കായി ഏറ്റെടുത്തിരിക്കുന്നവർ ഇവരുടെ താമസ സൗകര്യത്തിനായി യാതൊരു തരത്തിലുമുള്ള സുരക്ഷയും നൽകിയിട്ടില്ലെന്നു തന്നെ പറയാം. കാരണം, ഇവരെ താമസിപ്പിക്കുന്നതിനായി മലയാളികൾ വീടിന്റെ ടെറസ്സിലും അടുക്കള മുറ്റത്തും ചെറിയ തരത്തിലുള്ള മുറികൾ പണിത് അവിടെയാണ് താമസിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഈ ഒറ്റമുറി താമസത്തിന് വാങ്ങുന്ന വാടകയിൽ ഒരു കുറവും മലയാളികൾ വരുത്തുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ഒരാളിൽ നിന്നും നാലായിരവും അയ്യായിരവുമാണ് വാടകയിനത്തിൽ വാങ്ങിക്കുന്നത്. എന്നാൽ, ഇവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ പോലും കെട്ടിട ഉടമകൾ ചെയ്തുകൊടുക്കുന്നില്ല. ഇത്തരം സാഹചര്യത്തിൽ എപ്പോഴാണ് ഒരു തീപിടിത്തം ഉണ്ടാവുക എന്നുപോലും പറയാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഉള്ളത്.
കുവൈറ്റിലെ തീപിടിത്തം ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് കാണുന്നത്. എന്നാൽ, കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിന് സമാനമായ വലിയ തീപിടിത്തം ഏതു സമയത്തും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന നമ്മുടെ തൊട്ടടുത്ത ക്യാമ്പുകളിലോ വീടിനു മുറ്റത്തോ ഏതു സമയത്തും ഉണ്ടാകാം. അത്തരത്തിലൊരു സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത്.
എന്നാൽ അന്യസംസ്ഥാന തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി കാണുന്നത് വാക്കിൽ മാത്രം ഒതുങ്ങുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇവരുടെ താമസവും സുരക്ഷയും സൗകര്യവും ഉറപ്പാക്കേണ്ട ലേബർവകുപ്പും പഞ്ചായത്തും മുൻസിപ്പാലിറ്റിയും ഹെൽത്ത് ഡിപ്പാർട്ട്മെന്റും ഇവരെ തിരിഞ്ഞു നോക്കുന്നില്ലെന്ന് വേണം പറയാൻ.
എന്നാൽ, ഇവർക്ക് താമസം ഒരുക്കുന്ന വീട്ടുടമകൾ ആണെങ്കിലോ തുച്ഛമായ സൗകര്യങ്ങൾ നൽകി വലിയ തുകയും ഇവരിൽ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്. നൂറിലേറെ ആളുകൾ ഒരുകൂരയ്ക്കുള്ളിൽ കഴിയുന്ന ക്യാമ്പുകൾ പായിപ്പാട് കാണാം. പെരുമ്പാവൂരും മറ്റ് ഇടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മതിയായ സൗകര്യങ്ങളോ ശുദ്ധജലമോ കിട്ടാറില്ല.
ഇത്തരം ക്യാമ്പുകൾ പരിസരവാസികൾക്കുണ്ടാക്കുന്ന ദുരിതം പ്രവചനാതീതമാണ്. ക്യാമ്പുകളിൽനിന്ന് പരിസരത്തേക്ക് ഒഴുകുന്ന മാലിന്യങ്ങളും പരിസരവാസികളുടെ ജീവിതം നരകതുല്യമാക്കുകയാണ്. വസ്ത്രം അലക്കുന്നതിനോ ഭക്ഷണം പാകം ചെയ്യുന്നതിനോ ഒരുതരത്തിലുമുള്ള സൗകര്യങ്ങൾ ഇവർക്ക് ചെയ്തുകൊടുക്കുന്നില്ല. താമസിക്കാൻ കിട്ടുന്ന മുറിയിൽ തന്നെയാണ് ഇവർ ഇതെല്ലാം ചെയ്യുന്നത്. കൂടാതെ കിടപ്പുമുറിയിൽ തന്നെയാണ് മണ്ണെണ്ണ ഉപയോഗിച്ച് ഇവർ പാചകം ചെയ്യുന്നത്.
ഇതെല്ലാം എന്തെല്ലാം അപകടങ്ങൾക്കാണ് വഴിവെക്കുക എന്ന് പ്രവചിക്കാൻ പോലും സാധ്യമല്ല. സൗകര്യമില്ലായ്മ കൊണ്ട് ഇവർ നേരിടുന്ന വെല്ലുവിളികളിൽ അതിതീവ്ര പകർച്ചപ്പനിയും ത്വക്ക് രോഗങ്ങളും ഉണ്ടാക്കുന്നുണ്ട്.
ദിവസവേതനത്തിന് പണിയെടുക്കുന്നവരാണ് ഏറെ അതിഥി തൊഴിലാളികളും. അതുകൊണ്ടുതന്നെ ആശുപത്രിയിൽ പോയി ചികിത്സ തേടുന്നതും കുറവാണ്. ചെറിയ ക്ലിനിക്കുകളിൽ പോയി മരുന്നു മേടിക്കുകയോ അല്ലെങ്കിൽ മെഡിക്കൽ ഷോപ്പുകളിൽ പോയി മരുന്ന് വാങ്ങി കഴിക്കുന്നവരോ ആണിവർ.
ഇവരെ ജോലിക്കായി കൊണ്ടുപോകുന്നവരും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. ഇതെല്ലാം അസുഖങ്ങൾ പെട്ടെന്ന് മറ്റുള്ളവരിലേയ്ക്ക് പകരാനും ഇടയാക്കുന്നു. എന്നാൽ, ഇത്തരത്തിൽ അസുഖം ബാധിച്ചവരുടെ കണക്കുകൾ ഒരു സർക്കാർ രേഖകളിലും ഉൾപ്പെടാറുമില്ല. എല്ലുമുറിയെ പണിയെടുക്കുമ്പോഴും ദുരിതത്താൽ കഷ്ടപ്പെടുകയാണ് അതിഥിത്തൊഴിലാളികൾ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ.