![അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കറങ്ങുന്ന കുതിരയില്‍നിന്ന് തെറിച്ച് വീണ അഞ്ചാം ക്ലാസ്സുകാരിക്ക് പരിക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കറങ്ങുന്ന കുതിരയില്‍നിന്ന് തെറിച്ച് വീണ അഞ്ചാം ക്ലാസ്സുകാരിക്ക് പരിക്ക്](https://i0.wp.com/thirdeyenewslive.com/storage/2019/12/flora-fantasia.jpg?fit=500%2C300&ssl=1)
അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കറങ്ങുന്ന കുതിരയില്‍നിന്ന് തെറിച്ച് വീണ അഞ്ചാം ക്ലാസ്സുകാരിക്ക് പരിക്ക്
സ്വന്തം ലേഖിക
മലപ്പുറം : സ്‌കുളില്‍ നിന്നും വിനോദയാത്ര പോയ സംഘത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരിക്ക്. മലപ്പുറം വെങ്ങാടുള്ള ഫ്‌ളോറ ഫന്റാസിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണാണ് അഞ്ചാം ക്ലാസുകാരിക്ക് പരിക്കേറ്റത്. വെട്ടത്തൂര്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കര്‍ക്കിടാംതൊടി സ്വദേശി മഠത്തൊടി വീട്ടില്‍ നജ്മുദ്ദീന്റെ മകള്‍ നദയ്ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തീവ്രവരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായും രാവിലെ ലഘുഭക്ഷണം കഴിച്ചതായും കൊളത്തൂര്‍ പോലീസ് തേര്‍ഡ് ഐ ന്യൂസിനോട് പ്രതികരിച്ചു. കുട്ടിയുടെ നെറ്റിയിലാണ് മുറിവുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
![](https://i0.wp.com/thirdeyenewslive.com/storage/2021/06/oxy2025-jan.jpeg?fit=2560%2C1452&ssl=1)
അതേസമയം, മതിയായ സുരക്ഷയില്ലാത്തതാണ് കുട്ടിക്ക് അപകടം സംഭവിക്കാന്‍ ഇടയായതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാര്‍ക്കിലെ കറങ്ങുന്ന കുതിരയില്‍ നിന്നായിരുന്നു കുട്ടി തെറിച്ച് വീണത്. റൈഡില്‍ സുരക്ഷാ ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. അപകടം നടന്നതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായും രംഗത്തെത്തിയിരുന്നു.
എന്നാല്‍, സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്ത ശേഷമായിരിക്കും നടപടികളുമായി മുന്നോട്ട് പോവുകയെന്നും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഫ്‌ളോറ ഫന്റാസിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡിന്റെ ചുമതലയുള്ള രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ പിന്നീട് പാര്‍ക്ക് അധികൃതരുടെ ഉറപ്പിന്‍മേല്‍ തിരിച്ച് അയച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തുള്ള വിനോദ കേന്ദ്രം എന്ന നിലയിലാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് തിരഞ്ഞെടുത്തതെന്ന് എഎംഎല്‍പി സ്‌കൂള്‍ വെട്ടത്തൂര്‍ പ്രധാന അധ്യാപകന്‍ അമീര്‍ പ്രതികരിച്ചു. അപകടത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പാര്‍ക്കിലെ ആംബുലന്‍സില്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്.ആദ്യം എംഇഎസ് മെഡിക്കല്‍ കോളേജിലും പിന്നീട് രക്ഷിതാക്കളുടെ ആവശ്യപ്രകാരം പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാരുള്‍പെടെ അറിയിച്ചത്.
കുട്ടിയുടെ ആശുപത്രി ചിലവ് ഉള്‍പ്പെടെ വഹിച്ചത് പാര്‍ക്ക് അധികൃതരാണ്. എന്നാല്‍ സുരക്ഷ സംവിധാനങ്ങളുടെ അപാകത സംബന്ധിച്ച ആരോപണങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം മതിയായ സുരക്ഷാ ക്രമീകരണങ്ങല്‍ അപകടം സംഭവിച്ച റൈഡില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നെന്നാണ് പാര്‍ക്കുമായി ബന്ധുപ്പെട്ടവര്‍ നല്‍കുന്ന വിവരം. സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെ റൈഡില്‍ ഉണ്ടായിരുന്നു. അപകടത്തെ സംഭവിച്ച് വിശദമായി പരിശോധിച്ച് മതിയായ നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ക്ക് അധികൃതര്‍ പറയുന്നു.
രാവിലെയാണ് വെട്ടത്തൂര്‍ എഎംയുപിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുള്‍പ്പെട്ട 120 ഓളം പേര്‍ വരുന്ന സംഘം വെങ്ങാടുള്ള ഫ്‌ലോറ ഫാന്റസിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തിയത്. പിന്നാലെയായിരുന്നു അപകടം.