പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് : ഒരു സി.പി.എം നേതാവിന് കൂടി പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് ; കൂടുതൽ നേതാക്കൾ കുടുങ്ങുമെന്ന് സൂചന
സ്വന്തം ലേഖകൻ
കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഒരു സി.പി.എം നേതാവിന് കൂടി പങ്കുണ്ടെന്ന് പൊലീസ്. കൊച്ചി തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം നിധിന് തട്ടിപ്പിന് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടരലക്ഷം രൂപ അനധികൃതമായി എത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയതായി നരത്തെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത് ഇപ്പോഴാണ്. ഇതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതൽ സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീങ്ങുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്.എന്നാൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇതിൽ കൂടുതൽ തുകയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രളയം ഒരു രീതിയിലും ബാധിക്കാത്ത കാക്കനാട് മേഖലയിൽ താമസിക്കുന്ന സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്ക് എറണാകുളം കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദ് പണം കൈമാറിയതായി കണ്ടെത്തിയിരുന്നു.
അതേസമയം കേസിൽ ആദ്യം അറസ്റ്റിലായ വിഷ്ണുപ്രസാദിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തിരുന്നു. വിഷ്ണുപ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ട്രഷറിയിലെയും ജില്ലാ കളക്ടറുടെയും രേഖകൾ പരിശോധിച്ച പ്രകാരവുമാണ് ഇപ്പോൾ അന്വേഷണം മന്നോട്ടുപോകുന്നത്.
കളക്ടറുടെ നിർദേശ പ്രകാരം ഫിനാൻസ് ഓഫീസർ ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഏകദേശം 16 ലക്ഷം രൂപ ട്രഷറിയിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ പത്തുലക്ഷം രൂപ തിരിച്ചുപിടിച്ചു. ബാക്കിയുള്ള പണം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ജില്ലാകളക്ടർ ബാങ്ക് അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ചെമ്പുമുക്ക് ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടാണ് ആദ്യ തട്ടിപ്പ് നടത്തിയത്. ഈ പണം പിന്നീട് സി.പി.എം. തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം.എം.അൻവറിന്റെ സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം പിൻവലിക്കുകയായിരുന്നു.
വഞ്ചന, ഫണ്ട് ദുർവിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരമാണ് വിഷ്ണുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്ത വിഷ്ണുവിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങിയിരുന്നു