
കൊച്ചി: പെരിയാറിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ ആലുവയിലെ ഫ്ലാറ്റിനെതിരെ നടപടിയുമായി നഗരസഭ.
50000 രൂപ നഗരസഭാ ഫ്ലാറ്റ് സമുച്ചയത്തിന് പിഴ ചുമത്തി. ബാങ്ക് ജങ്ഷൻ പ്രദേശത്തെ ശാന്തി ലോട്ടസ് ഫ്ലാറ്റിനെതിരെയാണ് ആലുവ നഗരസഭയുടെ നടപടി.
ഫ്ലാറ്റില്‍ നിന്നും പെരിയാറിലേക്ക് മലിനജലം ഒഴുക്കുന്നുണ്ടെന്ന് നഗരസഭയില്‍ ഒരു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആണ് ക്രമക്കേട് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയില്‍ ഫ്ലാറ്റിലെ മലിന ജല സംഭരണി സംവിധാനത്തിന് ആവശ്യമായ വിസ്തൃതി ഇല്ലെന്നും, അതുകൊണ്ടുതന്നെ മലിന ജലം പൂർണമായും സംസ്കരിക്കാൻ കഴിയുന്നില്ലെന്നും വ്യക്തമായി.
സംസ്കരണത്തിന് ശേഷവും അവശേഷിക്കുന്ന മലിന ജലമാണ് ഇത്തരത്തില്‍ പെരിയാറിലേക്ക് ഒഴുക്കിയിരുന്നതെന്നാണ് അധികൃതർ കണ്ടെത്തിയത്.
പിന്നാലെ പിഴ ചുമത്താൻ തീരുമാനിക്കുകയായിരുന്നു.
മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാൻ ഫ്ലാറ്റിന് 14 ദിവസത്തെ അധിക സമയം അനുവദിച്ചിരിക്കുകയാണ് നഗരസഭ. ഈ കാലാവധിക്കുള്ളില്‍ ആവശ്യമായ സംവിധാനം സ്ഥാപിച്ച ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും നഗരസഭയില്‍ സമർപ്പിക്കണമെന്ന് ഫ്ലാറ്റ് അധികൃതരെ നഗരസഭ സെക്രട്ടറി അറിയിച്ചു.







