മത്സ്യബന്ധനത്തിന് പോകുന്നവഴി വള്ളത്തില്‍ നിന്ന് വഴുതി കടലില്‍ വീണ് തൊഴിലാളിയെ കാണാതായി
സ്വന്തം ലേഖകൻ
വിഴിഞ്ഞം: മത്സ്യബന്ധനത്തിന് പോകുന്നവഴി വള്ളത്തില്‍ നിന്ന് വഴുതി കടലില്‍ വീണ് തൊഴിലാളിയെ കാണാതായി. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ ജെ. പ്രസാദിനെ (32) പൂവാര്‍ കടലില്‍ കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വിഴിഞ്ഞത്തുള്ള വീട്ടില്‍ നിന്ന് തമിഴ്നാട് തേങ്ങാപട്ടണത്തിലെത്തിയത്. യഹോവ ശാലം എന്ന ബോട്ടില്‍ മറ്റുള്ള തൊഴിലാളികള്‍ക്ക് ഒപ്പം കൊച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
പ്രസാദിന്റെ അച്ഛന്‍ ജസ്റ്റിനും 10 വര്‍ഷം മുന്‍പ് കടലില്‍ വീണു മരിച്ചിരുന്നു. ആളെ കാണാത്തതിനെ തുടര്‍ന്ന് പൂവാര്‍ കോസ്റ്റല്‍ പാലീസ്, വിഴിഞ്ഞത്തുളള മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ക്ക് വിവരം നല്‍കി. കോട്ടപ്പുറം കൗണ്‍സിലര്‍ പനിയടിമ ജോണിന്റെ നേത്യത്വത്തില്‍ പ്രസാദിന്റെ സഹോദരന്‍ പ്രവീണ്‍ എന്നിവര്‍ ചൊവാഴ്ച രാവിലെ പൂവാറിലെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഫിഷറീസിന്റെ മറൈന്‍ ആംബുലന്‍സില്‍ ക്യാപ്ടന്‍ വാല്‍ത്തൂസ് ശബരിയാറിന്റെ നേത്യത്വത്തില്‍ ചീഫ് എന്‍ജിനിയര്‍ അരവിന്ദന്‍, നഴ്‌സ് കുബര്‍ട്ടിന്‍ ലോപ്പസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ സി.പി.ഒ.എം.അജീഷ് കുമാര്‍, ലൈഫ് ഗാര്‍ഡുമാരായ എം.പനിയടിമ, എം.കൃഷ്ണന്‍ എന്നിവര്‍ പൂവാര്‍ കടല്‍ അടക്കമുളള മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. ബുധനാഴ്ച വീണ്ടും തിരച്ചില്‍ തുടരും.