മായം കലർത്തിയ മത്സ്യവിൽപ്പനക്കെതിരെ കർശന നടപടിയുമായി സർക്കാർ;കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മായം കലർത്തിയ മത്സ്യവിൽപ്പനക്കെതിരെ കർശന നടപടിയുമായി സർക്കാർ. മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിർമ്മാണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. മത്സ്യം പിടിച്ച് വിപണനം നടത്തുന്നവർക്ക് വില നിശ്ചയിക്കാൻ കഴിയുന്ന തരത്തിലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.സ്വയം ശേഖരിക്കുന്ന മത്സ്യത്തിന് വില നിശ്ചയിക്കാനുള്ള അനുമതി നൽകണമെന്നുള്ള മത്സ്യ തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് മത്സ്യത്തിന് വില നിശ്ചയിക്കാൻ തൊഴിലാളിക്ക് അനുമതി നൽകുന്ന നിയമനിർമാണത്തിന് സർക്കാർ തയാറെടുക്കുന്നത്. ഗുണനിലവാരം കുറഞ്ഞതും മായം കലർത്തിയതുമായ മത്സ്യവിൽപ്പന തടയാൻ കർശന നടപടികൾക്കും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.പ്രത്യേക പരിശീലനം നൽകി മത്സ്യത്തൊഴിലാളികളെ കടൽ സുരക്ഷയ്ക്ക് പരിഗണിക്കുന്നത് സംബന്ധിച്ച പദ്ധതിയ്ക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. 750 മത്സ്യത്തൊഴിലാളികൾക്കാണ് പരിശീലനം ലഭിക്കുക. ഏഴരക്കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്.