
വരുതിയ്ക്ക് നിന്നില്ലെങ്കിൽ വെടിവെച്ച് കൊല്ലും: ഇത് യോഗി രാജ്; വികാസ് ദുബൈ 119 ആം ഇര
തേർഡ് ഐ ബ്യൂറോ
ലഖ്നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്ന സംസ്ഥാനം ഉത്തർപ്രദേശ് ആണെന്നത് വ്യക്തമാണ്. ഈ സംസ്ഥാനത്ത് തന്നെയാണ് ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഉണ്ടാകുന്നത്. കൊടും കുറ്റവാളിയും എ.സി.പി അടക്കം എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ
വികാസ് ദുബേയെ കഴിഞ്ഞ ദിവസം യുപി പോലീസ് എന്‍കൗണ്ടറിന് വിധേയമാക്കിയതിനെ തുടർന്നാണ് ഇപ്പോൾ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ചർച്ചയാകുന്നത്.
യോഗി ആദിത്യനാഥ് മന്ത്രി സഭ അധികാരത്തില്‍ ഏറിയതിന് ശേഷം പോലീസ് വെടിവെച്ചു കൊല്ലുന്ന 119 മത്തെ ഇരയായിരുന്നു വികാസ് ദുബേ. എന്‍കൗണ്ടറുമായി ബന്ധപ്പെട്ട നടന്ന മജിസ്റ്റീരീയല്‍ അന്വേഷണങ്ങളില്‍ 74 എണ്ണത്തിലും പോലീസിന് ക്‌ളീന്‍ചിറ്റ് നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഉടനീളമായി 6,145 ഓപ്പറേഷനുകളാണ് നടന്നത്. ഇതില്‍ 119 പേര്‍ മരണമടഞ്ഞപ്പോള്‍ 2,258 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ നഷ്ടമായ എട്ടു പേര്‍ ഉള്‍പ്പെടെ 13 പോലീസുകാര്‍ക്ക് ഓപ്പറേഷനുകളില്‍ ജീവന്‍ നഷ്ടമായി. 885 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പത്തു മാസത്തിനിടയില്‍ 38 എന്‍കൗണ്ടറുകളാണ് ഉത്തര്‍പ്രദേശ് കണ്ടത്. 25 ദിവസത്തിനിടയില്‍ 60 എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെട്ടത് എട്ടു പേരാണ്. 2017 മാര്‍ച്ച് 20 ന് ശേഷം 1,142 എന്‍കൗണ്ടറുകള്‍ നടന്നു. അന്വേഷണങ്ങളും എതിര്‍പ്പുകളുമെല്ലാം ഉയര്‍ന്നിട്ടും ഉത്തര്‍പ്രദേശ് പോലീസില്‍ എന്‍കൗണ്ടറുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ഡിസംബറില്‍ തെലുങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കിയ നാലു പേരെ പോലീസ് എന്‍കൗണ്ടറിന് വിധേയമാക്കിയ സംഭവത്തില്‍ സ്വതന്ത്ര്യാന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. സമാന സാഹചര്യമാണ് ദുബേയുടെ കാര്യത്തിലും ഉള്ളത്. പോലീസിന്റെ കയ്യില്‍ നിന്നും തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചു എന്നാണ് തെലുങ്കാന പോലീസും അന്ന് പറഞ്ഞത്. ഏഴു മാസത്തിന് ശേഷം സമാന രീതിയില്‍ തന്നെയാണ് ദുബേ കൊല്ലപ്പെട്ടതിനും പോലീസ് പറഞ്ഞിരിക്കുന്നത്.
2019 ല്‍ യുപിയിലെ എന്‍കൗണ്ടറുകള്‍ ഗൗരവമേറിയ കാര്യമാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. 1000 എന്‍കൗണ്ടറുകളെക്കുറിച്ചും 50 പേര്‍ കൊല്ലപ്പെട്ടതും ഇക്കാര്യത്തില്‍ പരമോന്നത കോടതിയെ സമീപിച്ച പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടിസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസ് 2018 ജൂലൈയ്ക്കും 2019 ഫെബ്രുവരിക്കും ഇടയില്‍ നാലു തവണ വാദം കേള്‍ക്കുകയും ചെയ്തു.
എന്‍ കൗണ്ടര്‍ കേസുകള്‍ക്ക് എതിരേ യുപി സര്‍ക്കാരിന് 2017 ന് ശേഷം മൂന്ന് നോട്ടീസുകളാണ് എന്‍ എച്ച് ആര്‍ സി നല്‍കിയത്. എന്നാല്‍ എല്ലാ നോട്ടീസിനും തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിച്ചുള്ള മറുപടിയാണ് യുപി സര്‍ക്കാര്‍ നല്‍കിയത്.
2013 ലെ വ്യാജ എന്‍കൗണ്ടര്‍ കേസുമായി ബന്ധപ്പെട്ട് 11 പോലീസുകാര്‍ക്ക് വിചാരണ കോടതി നല്‍കിയ തടവുശിക്ഷ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. യുപി സര്‍ക്കാര്‍ എന്‍കൗണ്ടറുകളുടെ തങ്ങളുടെ നേട്ടമായി ആണ് പരിഗണിക്കുന്നത്. 2014 ല്‍ മഹാരാഷ്ട്ര സര്‍ക്കാരും ഒരു മനുഷ്യാവകാശ സംഘടനയും തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഇത്തരം കേസുകളില്‍ എഫ്‌ഐആര്‍ നിര്‍ബ്ബന്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.