play-sharp-fill
അതിവേഗ ഫൈറ്റിന്റെ രാജാവ്..! മലയാളിയുടെ സ്വന്തം ബ്രൂസ് ലി, ഇത് കുങ്ങ്ഫു മാസ്റ്റർ

അതിവേഗ ഫൈറ്റിന്റെ രാജാവ്..! മലയാളിയുടെ സ്വന്തം ബ്രൂസ് ലി, ഇത് കുങ്ങ്ഫു മാസ്റ്റർ

സിനിമാ ഡെസ്‌ക്

ഡിഷ്യും ഡിഷ്യും ഇടിയും.. കയറിൽക്കെട്ടിച്ചാട്ടവും കണ്ടു ശീലിച്ച് മലയാള സിനിമയ്ക്കു അതിവേഗ ഇടിയുടെ പൊടിപൂരവുമായി ഒരു താരം..! മലയാളികളുടെ സ്വന്തം ബ്രൂസ് ലീ.. ഇത് നമ്മുടെ സ്വന്തം കുങ്ങ്ഫു മാസ്റ്റർ ജിജി സ്‌കറിയ.


വിങ്ങ് ചുൻ എന്ന അതിവേഗ പ്രതിരോധ കലയുടെ ആശാനായ ഏറ്റുമാനൂർ സ്വദേശി ജിജി സ്‌കറിയയാണ് എബ്രിഡ് ഷൈനിന്റെ കുങ്ങ്ഫൂ മാസ്റ്റർ എന്ന സിനിമയിലെ നായകൻ. നല്ല ഇടികൊണ്ടു മാത്രം സിനിമയുടെ വെള്ളിത്തിരയിൽ മിന്നിക്കയറിയ ജിജി സ്‌കറിയ, വിങ്ങ് ചുൻ എന്ന മാർഷൽ ആട്‌സിന്റെ ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും അംഗീകാരമുള്ള ഏക മലയാളി പരിശീലകനാണ്. നാല് രാജ്യങ്ങളിൽ മാർഷൽ ആട്‌സ് അക്കാദമി നടത്തുന്ന ജിജി, മലയാള സിനിമയിലെ ബ്രൂസ് ലീയായി വളരുകയാണ്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയേക്കാൾ ഉപരി, സ്വയം പ്രതിരോധത്തിന്റെ കലയായ, തന്റെ ഹൃദയമായ വിങ്ങ് ചുങ്ങ് എന്ന മാർഷൽ ആട്‌സിനെ മലയാളികളുടെ സ്വയം പ്രതിരോധ മാർഗമാക്കി വളർത്തുക എന്നതാണ് ജിജിയുടെ എക്കാലത്തെയും വലിയ ലക്ഷ്യം.

ആക്ഷൻ ഹീറോ ജിജി

മറ്റാരെയും പോലെ തന്നെ തീയറ്ററിൽ പോയി മാത്രം സിനിമ കണ്ടിരുന്ന ഒരു യുവാവായിരുന്നു ജിജിയും. പതിനാറ് വർഷം മുൻപ് കുവൈറ്റിൽ ജോലിയ്ക്കു പോയ ജിജി ഇവിടെ ജിമ്മും, പ്രസും ജുവലറിയും അടക്കമുള്ള സ്ഥാപനങ്ങളും കുടുംബവും കുട്ടികളുമായി സ്വസ്ഥമായി കഴിയുകയായിരുന്നു. ഇതിനിടെയാണ്, സുഹൃത്തും തലയോലപ്പറമ്പ് പൊതി സ്വദേശിയുമായ മനുവിന്റെ വിളിയെത്തുന്നത്. എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രമായ ആക്ഷൻ ഹീറോ ബിജുവിന്റെ ക്ലൈമാക്‌സ് രംഗങ്ങളിലെ ആക്ഷൻ ചിത്രീകരിക്കാൻ ഒരു മാർഷൽ ആർട്‌സ് ട്രെയിനറെ ആവശ്യമുണ്ട്. കുവൈറ്റിൽ അത്യാവശ്യം തിരക്കുമായി കഴിയുന്ന ജിജി മറ്റൊന്നും നോക്കാതെ ഒരു നോ പറഞ്ഞു..! എനിക്കെന്ത് സിനിമ എന്നതായിരുന്നു ഭാവം. ഇതിനു ശേഷം നിരവധി സിനിമകൾ ഇറങ്ങിക്കറങ്ങി പോകുകയും ചെയ്തു.

ഒറ്റ ഇടിയിൽ ഷൈൻ വീണു

ആക്ഷൻ ഹീറോ ബിജു ഇറങ്ങി, മാസങ്ങൾക്കു ശേഷം വീണ്ടും മനുവിന്റെ വിളിയെത്തി. ജിജി ഒന്ന് വരണം.. എബ്രിഡ് ഷൈനിനെ ഒന്നു കാണണം. എബ്രിഡ് ഷൈനിന്റെ വീട്ടിലെത്തി സംസാരിച്ചപ്പോൾ, പഠിച്ചതെല്ലാം ചെയ്തു കാണിക്കാമോ എന്നായി ചോദ്യം. ഷൈനിന്റെ നിർദേശ പ്രകാരം, രണ്ടു കളരി അഭ്യാസികളും, ഒരു കരാട്ടോ മാസ്റ്ററും വീട്ടിലെത്തി. പൊരിഞ്ഞ പോരാട്ടം.. മൂന്നു പേരും… ഒപ്പം എബ്രിഡ് ഷൈനും വീണു.. പൂമരം കഴിഞ്ഞാലുടൻ അടുത്ത ചിത്രത്തിൽ ജിജി തന്നെ നായകനെന്ന് ഉറപ്പിച്ച് കൈകൊടുത്താണ് ഷൈൻ ഇരുവരെയും മടക്കിയത്. ഈ ചിത്രമാണ് ഇപ്പോൾ തീയറ്ററുകളിൽ തകർത്തോടുന്ന കുങ്ങ്ഫൂ മാസ്റ്റർ.


വണ്ണം കുറയ്ക്കാൻ കളരിപ്രയോഗം

കുറുപ്പന്തറയിലെ വീട്ടിലായിരുന്നു ചെറുപ്പത്തിൽ ജിജിയുടെ താമസം. അച്ഛന്റെ സുഹൃത്തായ കളരിയാശാൻ ഭാസ്‌കരൻ സ്ഥിരമായി വീട്ടിലെത്തിയിരുന്നു. ഭാസ്‌കരന്റെ സാന്നിധ്യവും, ഒപ്പം തടിച്ചിരുന്ന ശരീരപ്രകൃതി കുറയ്ക്കണമെന്ന അച്ഛന്റെ താല്പര്യവുമാണ് ജിജിയെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ കളരിയിൽ എത്തിച്ചത്. പിന്നീട്, അതേ കളരിയും ആയോധനകലയും ജിജിയുടെ ജീവിതത്തിന്റെയും ദിനചര്യയുടെയും ഭാഗമായി മാറുകയായിരുന്നു. പിന്നീട്, ചൈനീസ് കുങ്ഫു പഠിച്ച ജിജി ഒൻപതാം ക്ലാസിലെത്തിയപ്പോൾ തന്നെ ബ്ലാക്ക്‌ബെൽറ്റും സ്വന്തമാക്കി. പാലാ സെന്റ് തോമസിലെ പ്രീഡിഗ്രി പഠനകാലത്ത് തന്നെ ജിജി അടിതടകളിൽ മാസ്റ്റർ ഡിഗ്രി നേടിയിരുന്നു. കരാട്ടെയും, ജൂഡോയും ഈ കാലത്ത് പഠിക്കുക കൂടി ചെയ്തതോടെയാണ് ജിജി തന്റെ ജീവിതം മാർഷൽ ആട്‌സിനു വേണ്ടി മാറ്റി വച്ചത്.

പറന്നു നടന്ന് പഠനം

കുവൈറ്റിലെ ജോലിക്കാലത്തിനിടെയാണ് വിങ്ങ് ചുൻ എന്ന ചൈനീസ് മാർഷൽ ആട്‌സിനെപ്പറ്റി അറിയുന്നത്. ഇതോടെ ഇത് പഠിക്കാനായി നീക്കം. ഇതിനായി കുവൈറ്റിൽ നിന്നും യുകെയിലേയ്ക്കു പറന്നു. രണ്ടു വർഷം വില്ലിങ് ചുങ്ങ് എന്ന മാസ്റ്റർക്കൊപ്പം പ്രാഥമിക പാഠങ്ങൾ പഠിച്ചു. പിന്നീട്, യു.കെയിൽ തന്നെയുള്ള കോളിംങ് വാർഡിനൊപ്പം അഞ്ചു വർഷം പഠനം നടത്തി. ഇതിനു ശേഷമാണ് ജർമ്മൻ സ്വദേശിയായ ടോമി ലൂക്കിന്റെ ശിഷ്യനായി മാറുന്നത്. വിങ്ങ് ചുൻ എന്ന ആയോധനകല കണ്ടെത്തിയ കുടുംബത്തിന്റെ പരമ്പരയിൽ നിന്നു തന്നെ അടവുകൾ പഠിച്ച ടോമി ലൂക്കിന്റെ ശിഷ്യണത്തിൽ കഴിഞ്ഞ 13 വർഷമായി ജിജി പഠനം നടത്തുന്നു.

വേഗം പഠിക്കാം
വേഗം തന്നെ മുഖ്യം

ചൈനയിലെ സ്ട്രീറ്റ് ഫൈറ്റ് ആയോധനകലയാണ് വിങ്ങ് ചുൻ. വേഗം തന്നെയാണ് വിങ്ങ് ചുന്നിന്റെ പ്രധാന തന്ത്രം. അതിവേഗം എതിരാളിയെ കീഴ്‌പ്പെടുത്തുന്ന മാർഷൽ ആട്‌സ് ആണ് വിങ്ങ് ചുൻ. മറ്റു ആയോധനകലകളിൽ സ്‌റ്റെപ്പുകളുടെയും, തന്ത്രങ്ങളുടെയും അടിസ്ഥാനത്തിൽ ആക്രമണ രീതി നിശ്ചയിക്കുമ്പോൾ, വിങ്ങ് ചുന്നിൽ സ്വതന്ത്രമായ ആക്രമണ രീതിയാണ് പയറ്റുന്നത്. ശരീരം കൊണ്ട് എതിരാളിയുടെ നീക്കങ്ങളെ സെൻസ് ചെയ്യുന്നതിനൊപ്പം, എതിരാളിയുടെ വേഗത്തെയും , ബലത്തെയും വഴി തിരിച്ച് വിട്ട് അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ വീഴ്ത്തുകയാണ് വിങ്ങ് ചുന്നിന്റെ തന്ത്രം.
300 വർഷം മുൻപ് ചൈനയിലെ ഒരു സ്ത്രീയാണ് വിങ്ങ് ചുൻ എന്ന ആയോധനകല കണ്ടെത്തിയത്. ഇവരുടെ ശിഷ്യന്മാരും കുടുംബാംഗങ്ങളും ചേർന്ന് ഈ കലയെ വികസിപ്പിച്ചു. ബ്രൂസ് ലി ആദ്യമായി പഠിച്ചത് സ്ട്രീറ്റ് ഫൈറ്റ് മെതേഡിലുള്ള വിങ്ങ് ചുന്നായിരുന്നു. ബ്രൂസ് ലീയുടെ ഫൈറ്റുകൾക്ക് ഇത്ര വേഗത ലഭിച്ചത് വിങ്ങ് ചുന്നിന്റെ പരിശീലനത്തെ തുടർന്നാണ്.

ആർക്കും ആരെയും പ്രതിരോധിക്കാം

സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങളെ പ്രതിരോധിച്ചു നിർത്താൻ ഏറ്റവും എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്ന മാർഷൽ ആർട്ട് ആണ് വിങ്ങ് ചുൻ. പ്രായവും, ആരോഗ്യവും, ശരീര ഘടനയും പോലും നോക്കാതെ ആർക്കും ആരെയും നേരിടാനുള്ള ധൈര്യം വിങ്ങ് ചുൻ നൽകുന്നു. എതിരാളിയെ അവരുടെ വേഗം കൊണ്ടു തന്നെ വീഴ്ത്തുന്ന വ്യത്യസ്തമായ ആക്രമണ തന്ത്രമാണ് വിങ്ങ് ചുൻ പകർന്നു നൽകുന്നത്. മറ്റുള്ള മാർഷൽ ആർട്ട്‌സുകൾ എല്ലാം മൃഗങ്ങളുടെ ശൈലി കടമെടുത്ത് ആക്രമണത്തിന് സ്റ്റൈപ്പുകൾ സൃഷ്ടിക്കുമ്പോൾ, മനുഷ്യർ മനുഷ്യരുടെ തന്നെ ശൈലികൊണ്ടാണ് വിങ്ങ് ചുന്നിൽ ആക്രമണം തീർക്കുന്നത്. ആറു മാസം പഠിച്ചു കഴിഞ്ഞാൽ ആർക്കും വിങ്ങ് ചുന്നിലെ ബാലപാഠങ്ങൾ സ്വായത്തമാക്കാൻ കഴിയും.
സ്ത്രീകൾക്ക് ഏറെ എളുപ്പത്തിൽ സ്വയം പ്രതിരോധം കണ്ടെത്താൻ സാധിക്കുന്ന തന്ത്രമാണ് വിങ്ങ് ചുൻ നൽകുന്നത്.

പരിശീലനം കുടുംബം

കേരളത്തിലെ പരിശീലനം കൂടാതെ, കുവൈത്തിലും ഖത്തറിലും ശ്രീലങ്കയിലും ജിജി വിങ്ങ് ചുൻ പരിശീലനം നൽകുന്നുണ്ട്. കേരളത്തിൽ വിങ്ങ് ചുന്നിൽ പരിശീലനം നൽകുന്ന ഇൻസ്ട്രക്ടർമാരെ മാത്രമാണ് ജിജി പഠിപ്പിക്കുന്നത്. എല്ലാമാസവും കോട്ടയത്ത് പരിശീലനം ഉണ്ടാകും. വിദേശരാജ്യങ്ങളിൽ സ്ത്രീകളെ അടക്കം പ്രത്യേക ബാച്ചുകളിലായി വിങ്ങ് ചുൻ പഠിപ്പിക്കുന്നുണ്ട്.

ഭാര്യ രജിത (മംഗളം സ്‌കൂൾ അദ്ധ്യാപികയാണ്.)
മക്കൾ – ജീവൻ (അഞ്ചാം ക്ലാസ്) , നവീൻ (നാലാം ക്ലാസ്)