സുന്ദരിയായ യുവതിയുടെ വേഷത്തിൽ സ്ത്രീകളെ കവർച്ച നടത്തിവന്ന യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
മാവേലിക്കര : പെൺവേഷത്തിലെത്തി മോഷണം പതിവാക്കിയ വിരുതൻ ഒടുവിൽ പൊലീസ് വലയിൽ. സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ആക്രമിച്ചായിരുന്നു സ്വർണം കവർന്ന് കൊണ്ടിരുന്നത്. മാവേലിക്കരയിൽ വച്ചായിരുന്നു ഇയാളെ പിടികൂടിയത്.
പത്തിയൂർ സ്വദേശി നിധിൻ വിക്രമനാണ് പിടിയിലായത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 20ലേറെ കേസുകളാണുള്ളത്. മാവേലിക്കര, കരിയിലക്കുളങ്ങര, കായംകുളം പൊലീസ് സ്റ്റേഷനുകളിലെല്ലാം ഇയാൾക്കെതിരേ കേസുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാം സമാന സ്വഭാവമുള്ളതാണ്. സ്ത്രീകൾ മാത്രമുള്ള വീടുകൾ ലക്ഷ്യം വച്ച് രാത്രിയിൽ സ്ത്രീവേഷത്തിൽ പുറത്തിറങ്ങുന്ന ഇയാൾ സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും കാത്തിരിക്കും. അത്തരമൊരു സന്ദർഭം വന്നാൽ അവരെ ആക്രമിച്ച് ആഭരണങ്ങൾ കൈക്കലാക്കുകയാണ് ഇയാളുടെ രീതി.
പെയിന്റിംഗ് ജോലിക്കാരനായിരുന്നു നിധിൻ. പകൽ സമയം ഇയാൾ മോഷണത്തിനായി വീടുകൾ കണ്ടുവെക്കും. രാത്രിയാകുമ്പോൾ വീടുകളുടെ പരിസരത്തെത്തി പതുങ്ങിയിരിക്കും.
എന്നിട്ടു പ്രതി സ്ത്രീകൾ തനിച്ച് പുറത്തിറങ്ങുന്നതോടെ പിന്നിലൂടെയെത്തി വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയാണ് പതിവ് . മാത്രമല്ല സ്ത്രീകൾ ബഹളം വെച്ചാൽ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യും. അപരിചതരുടെ വീട്ടിൽ മാത്രമല്ല പരിചയക്കാരുടെ വീടുകളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്.
മാവേലിക്കര എസ്എച്ച്ഓ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തെ എറണാകുളത്ത് വെച്ച് ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.
മോഷ്ടിക്കുന്ന സ്വർണ്ണം കായംകുളത്തെ സ്വർണ്ണക്കടകളിലാണ് ഇയാൾ വിറ്റിരുന്നത്. ഇതിൽ 25 പവനോളം സ്വർണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലിസ് കസ്റ്റഡിയിൽ വാങ്ങും.