
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ എഫ്.സി.ആർ.എ ചട്ടഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. സന്നദ്ധസംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടിയാണ് ഇതെന്നും ന്യൂനപക്ഷ വിഭാഗങ്ങളെയും സാമൂഹിക പ്രവർത്തനങ്ങളെയും ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ടയുടെ ഭാഗമായാണോ ഈ ഭേദഗതിയെന്നും സംശയിക്കേണ്ട സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധസംഘടനകളെ ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടഭേദഗതിയെന്ന് അദ്ദേഹം വിമർശിച്ചു. സംഘ്പരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവർത്തനം നിയന്ത്രിക്കാനോ നിരോധിക്കാനോ കഴിയുന്ന സാഹചര്യം ഇതിലൂടെ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.
ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ചട്ടഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






