
മഞ്ചേരി: പതിനൊന്നുവയസ്സുള്ള മകളെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വര്‍ഷം കഠിനതടവും 10.755 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 18 മാസവും പത്തുദിവസവും അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കുട്ടിക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.
2023 ജനുവരിയില്‍ അരീക്കോട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷ വിധിച്ചത്. 2022-23 വര്‍ഷങ്ങളില്‍ രണ്ടു ദിവസങ്ങളിലായി വീട്ടില്‍ രാത്രി ഉറങ്ങുമ്പോള്‍ കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. എതിര്‍ത്തപ്പോള്‍ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
സംഭവം അമ്മയോട് പറഞ്ഞതിന്റെ വിരോധത്തില്‍ കുട്ടിയുടെ നാഭിക്ക് ചവിട്ടി പരിക്കേല്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തിയിരുന്നു. അരീക്കോട് പോലീസ് രജിസ്റ്റര്‍ചെയ്ത മറ്റൊരു പീഡനക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് പ്രതി ഈ കുറ്റകൃത്യംചെയ്തത്. ഈ കേസില്‍ ഇയാള്‍ 20 വര്‍ഷം കഠിനതടവ് അനുഭവിച്ചുവരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



