play-sharp-fill
പ്രണയം തകർക്കാൻ പെൺവീട്ടുകാരുടെ ക്വട്ടേഷൻ: യുവാവിനെ തട്ടിക്കൊണ്ടു പോയി; വീട് അടിച്ചു തകർത്തു

പ്രണയം തകർക്കാൻ പെൺവീട്ടുകാരുടെ ക്വട്ടേഷൻ: യുവാവിനെ തട്ടിക്കൊണ്ടു പോയി; വീട് അടിച്ചു തകർത്തു

സ്വന്തം ലേഖകൻ

കോട്ടയം: അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ ക്വട്ടേഷൻ സംഘം യുവാവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു പോയി. പ്രണയബന്ധത്തിൽ നിന്നു പിന്മാറ്റുന്നതിനായി യുവതിയുടെ വീട്ടുകാർ അയച്ച ക്വട്ടേഷൻ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടു പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. മ‌ർദനത്തിൽ പരിക്കേറ്റ കാമുകൻ  മാന്നാനം സൂര്യകവല കളമ്പുകാട്ട്ചിറയിൽ കെവിനെ (23) കാണാതായി. ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവായ അനീഷ് (31) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

  തട്ടിക്കൊണ്ടു പോയ കെവിൻ
ആക്രമണത്തിനു ഇരയായ അനീഷ്

ഞായറാഴ്‌ച പുലർച്ചെ ഒരു മണിയോടെ മാന്നാനം പള്ളിത്താഴെയായിരുന്നു സംഭവം. രണ്ടു വർഷത്തിലേറെയായി അടുപ്പമുണ്ടായിരുന്ന തെന്മല സ്വദേശിയും നഗരത്തിലെ കോളേജ് വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ കെവിൻ കഴിഞ്ഞ ദിവസം രജിസ്റ്റർ വിവാഹം കഴിച്ചിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഇരുവരെയും ഗാന്ധിനഗ‌ർ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. എന്നാൽ, പെൺകുട്ടി കെവിനൊപ്പം പോകുകയായിരുന്നു. കെവിനും അനീഷും ചേർന്ന് പെൺകുട്ടിയെ ഹോസ്റ്റലിലേയ്‌ക്കു മാറ്റുകയും ചെയ്‌തു. ഇതിനിടെ ശനിയാഴ്‌ച രാവിലെ പെൺകുട്ടിയുടെ അമ്മയും ബന്ധുവും, കെവിൻ്റെ വീട്ടിലെത്തി. എന്നാൽ, ഇവരെ കാണാനും കുട്ടി തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഇതിനിടെയാണ് ഞായറാഴ്‌ച പുലർച്ചെ മൂന്നു വാഹനങ്ങളിലായി എത്തിയ ക്വട്ടേഷൻ സംഘം കെവിനെയും, അനീഷിനെയും തട്ടിക്കൊണ്ടു പോയത്.  മാന്നാനം പള്ളിത്താഴത്തെ വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. വീടിൻ്റെ പിൻവാതിൽ പൊളിച്ച് അകത്തു കയറിയ സംഘം, കഴുത്തിൽ വടിവാൾ വച്ച് ഇരുവരെയും ഭീഷണിപ്പെടുത്തിയാണ് വാഹനത്തിൽ കയറ്റിയത്. മൂന്നു വാഹനങ്ങളിലായെത്തിയ പന്ത്രണ്ടംഗ സംഘം വീട് പൂർണമായും അടിച്ചു തകർക്കുകയും ചെയ്‌തു. ഇവിടെ നിന്നും ഇരുവരെയുമായി ക്വട്ടേഷൻ സംഘം നേരെ തെന്മലയിലേയ്‌ക്കാണ് പോയ‌ത്. യാത്രയ്‌ക്കിടെ ക്രൂരമായി മർദിക്കുകയും ചെയ്‌തു.
തെന്മല എത്തിയതോടെ ഛർദിക്കാൻ തോന്നുന്നതായി അനീഷ് അറിയിച്ചതോടെ സംഘം വണ്ടി നി‌ർത്തി. കെവിൻ വാഹനത്തിൽ നിന്നും ചാടി രക്ഷപെട്ടെന്ന് അറിയിച്ച സംഘം, അനീഷിനോടു മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. തുട‌ർന്നു സംഘത്തിൻ്റെ തന്നെ ഇന്നോവയിൽ സംക്രാന്തി ജംഗ്ഷനിൽ അനീഷിനെ ഇറക്കി വിട്ടു. ഇതിനിടെ അനീഷിനെയും, കെവിനെയും കാണാനില്ലെന്നു ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ക്വട്ടേഷൻ സംഘം ആക്രമിച്ച പരിക്കുകളുമായി പൊലീസ് സ്റ്റേഷനിൽ ഹാജരായ അനീഷിനെ മൊഴി രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.

ഇതിനിടെ പെൺകുട്ടിയുടെ കാണാനില്ലെന്ന പിതാവും പരാതി നൽകി. പിതാവിൻ്റെ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേയ്‌ക്കു മാറ്റി. ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, സി.ഐ എ.ജെ തോമസ്, എസ്.ഐ എം.എസ് ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.