അവയവമാറ്റ ശസ്ത്രക്രിയ: രോഗികൾക്ക് സർക്കാർ സഹായം നൽകും: മുഖ്യമന്ത്രി

അവയവമാറ്റ ശസ്ത്രക്രിയ: രോഗികൾക്ക് സർക്കാർ സഹായം നൽകും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

കോട്ടയം: അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർക്കു തുടർന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനു സർക്കാർ പിന്തുണ നൽകുന്ന പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കുന്നവർ തുടർ ചികിത്‌സയ്ക്കായി വൻ തോതിൽ പണം കണ്ടെത്തേണ്ട സാഹചര്യമാണു നിലവിലുള്ളത്. ഇവർക്കു ഏതു തരത്തിലുള്ള പിന്തുണ നൽകണമെന്ന കാര്യമാണു സർക്കാർ ആലോചിച്ചു വരുന്നത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സംസ്ഥാനത്തു ശരാശരി എട്ടു ലക്ഷം രൂപയാണു ചെലവു വരുന്നത്. ചില ആശുപത്രികൾ ഇതിൽ കൂടിയ തുകയും ഈടാക്കുന്നു. സ്വകാര്യമേഖലയിൽ എറണാകുളം ലിസി ആശുപത്രിയാണു കുറഞ്ഞ ചെലവിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ എത്തുന്ന രോഗികൾ തൃപ്തരായി മടങ്ങുമ്പോഴാണു ആശുപത്രികളുടെയും ജീവനക്കാരുടെയും സേവനം വിലപ്പെട്ടതാകുന്നത്.
ആരോഗ്യമേഖല ഏറെ വളർന്നുവെങ്കിലും പലപ്പോഴും നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെടും. അപ്പോൾ എല്ലാവരും ഒന്നിച്ചു നേരിടുകയാണു വേണ്ടതെന്നും നിപ വൈറസ് ബാധയെക്കുറിച്ചു പരോക്ഷമായി പിണറായി പറഞ്ഞു. ജീവത്യാഗം പോലും നടത്തി സേവനം ചെയ്ത മാതൃകാപരമായ പ്രവർത്തമാണുണ്ടായതെന്നും പിണറായി കൂട്ടിച്ചേർത്തു.
പുതിയ അത്യാഹിത വിഭാഗം, പുതിയ മോർച്ചറി ബ്ലോക്ക്, ലീനിയർ ആക്‌സിലറേറ്ററിന്റെ ശിലാസ്ഥാപനം, സ്ത്രീകളുടെ ഒ.പി. നവീകരണം, നവീകരിച്ച ഗൈനക്കോളജി നവീകരണ ഉദ്ഘാടനം, ഡ്യുവൽ മോഡുലാർ ട്രാൻസ്പ്ലാന്റ് ഓപ്പറേഷൻ തീയേറ്റർ, ഫീമോഫീലിയ വാർഡ് എന്നിവയുടെ ഉദ്ഘാടനമാണു മുഖ്യമന്ത്രി നിർവഹിച്ചത്.
മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. മന്ത്രികെ.രാജു, എം.എൽ.എ.മാരായ സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ, കലക്ടർ ഡോ.ബി.എസ്. തിരുമേനി, എൽ.ഡി.എഫ്. കൺവീനർ വൈക്കം വിശ്വൻ, സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, ജോയിന്റ് ഡി.എം.ഇ. അജയ്കുമാർ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജീനിയർ ഷീലാ രാജൻ, മെഡിക്കല് കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് മോഹൻ സി. ചതുരച്ചിറ തുടങ്ങിയവർ പ്രസംഗിക്കും.