കോട്ടയത്ത് വ്യാജ നോട്ട് തട്ടിപ്പ് വ്യാപകം; കടകളിൽ വ്യാജ നോട്ട് നൽകി ചില്ലറയായി മേടിക്കുക, ലോട്ടറി ടിക്കറ്റുകൾ വാങ്ങി വ്യാജനോട്ടു നല്കുക ; കെണിയിൽ വീഴുന്നത് പ്രായമായവരും, ലോട്ടറി വില്പനക്കാരും, പെട്ടിക്കട നടത്തുന്നവരും; ദിനംപ്രതി തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം നിരവധി
സ്വന്തം ലേഖകൻ
കോട്ടയം . കടകളിലെത്തി സാധനങ്ങൾ വാങ്ങുമ്പോഴും ലോട്ടറി ടിക്കറ്റെടുക്കുമ്പോഴും വ്യാജ നോട്ട് നൽകി പണം തട്ടുന്ന സംഘ കോട്ടയത്ത് സജീവം. കറുകച്ചാൽ നെടുംകുന്നം നൂറോമ്മാവ് റോഡ് കന്നാലിപ്പടിയിൽ കുഞ്ഞുകുട്ടന്റെ കടയിൽ ബൈക്കിലെത്തിയ യുവാവ് 4000 രൂപ കബളിപ്പിച്ച് കൊണ്ടുപോയത് കഴിഞ്ഞമാസം. ചിൽഡ്രൻ ബാങ്ക് ഒഫ് ഇന്ത്യ എന്ന പേരിലുള്ള 2000 രൂപയുടെ നോട്ടുകളാണ് കടയിൽ നൽകിയത്.
പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരൻ നാല് 500 രൂപ നോട്ടുകൾ നൽകി കുഞ്ഞുകുട്ടനിൽ നിന്ന് 2000 രൂപ വാങ്ങി. ഇതുമായി ലോട്ടറി കച്ചവടക്കാരൻ റേഷൻകടയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലി കുറുവാമൂഴിയിൽ ലോട്ടറി കച്ചവടം നടത്തുന്ന മുണ്ടക്കയം സ്വദേശിനിയായ വൃദ്ധയുടെ കൈയിൽ നിന്ന് 100 ലോട്ടറി ടിക്കറ്റുകൾ വാങ്ങി രണ്ടായിരത്തിന്റെ രണ്ട് നോട്ടുകൾ നൽകി സമാന രീതിയിൽ കബളിപ്പിച്ചിരുന്നു. കറുകച്ചാൽ ഗുരുമന്ദിരത്തിന് സമീപം നാരങ്ങാ കച്ചവടം നടത്തുന്ന വ്യാപാരിയുടെ 18000 രൂപ തട്ടിയെടുത്തതും സമാനരീതിയിൽ. ഇക്കഴിഞ്ഞ ദിവസം നെടുംകുന്നം സ്വദേശിയായ പത്മകുമാരിയുടെ (61) ഒന്നര പവന്റെ സ്വർണമാല ബൈക്കിലെത്തിയ യുവാക്കൾ തട്ടിയെടുത്തിരുന്നു. സമീപ കാലത്താണ് മാണികുളത്തിന് സമീപം റോഡരിൽ ലോട്ടറി വിൽക്കുന്ന ഭിന്നശേഷിക്കാരനായ യുവാവിന്റെ ലോട്ടറിയും പണവുമടങ്ങിയ ബാഗ് തട്ടിയെടുത്തത്.
പ്രായമായവരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. കൂടുതലും ലോട്ടറി വിൽക്കുന്നവരും പെട്ടിക്കട നടത്തുന്നവരും. വ്യാജ നോട്ടുകൾ ഇവർക്ക് പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെന്നത് തട്ടിപ്പുകാർ മുതലെടുക്കുന്നു. ഈ മാസമാദ്യം മനക്കര സ്വദേശിയായ ലോട്ടറി വില്പനക്കാരന്റെ കൈയിൽ നിന്ന് ടിക്കറ്റെടുത്ത യുവാവ് 2000 രൂപയുടെ വ്യാജ നോട്ട് നൽകി കബളിപ്പിച്ചിരുന്നു.