
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെള്ളറടയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ രാഖിയും സംഘവും നടത്തിയത് സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പ്.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേരടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. 916 മുദ്രയും ഹാള്‍മാര്‍ക്കുമുള്ള മുക്കുപണ്ടമാണ് യുവതിയും സംഘവും പണം തട്ടാനായി പണയം വെച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘത്തിലെ പ്രധാനിയായ കീളിയോട് തോട്ടത്ത് വിളാകം പുത്തന്‍ വീട്ടില്‍ രാഖി (23) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. 1,13000 രൂപയാണ് ഇവര്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മൂന്ന് പ്രതികള്‍ ഒളിവിലാണ്.
പേയാട് സ്വദേശി രാധിക, പൂവാര്‍ സ്വദേശികളായ നൗഷാദ്, ഷാഹിദബീവി എന്നിവരാണ് ഒളിവില്‍. ഫെബ്രുവരി 23 ന് നിലമാമൂട്ടിലെ നന്ദനം ഫൈനാന്‍സിലും മാരായമുട്ടം വടകരയ്ക്ക് സമീപത്തുള്ള ഗോപിക ഫൈനാന്‍സിലമാണ് പ്രതികള്‍ മുക്ക്പണ്ടം പണയം വെച്ചത്.
ഫെബ്രുവരി 23 ന് രാവിലെ 10 മണിയോടെയാണ് ഗോപിക ഫൈനാന്‍സില്‍ തട്ടിപ്പ് നടത്തിയത്. സ്‌കൂട്ടറില്‍ യാത്ര തിരിച്ച രാഖിയും രാധികയും പിന്നീട് പെരുമ്പഴുതൂരിന് സമീപത്ത് വെച്ച് സ്‌കൂട്ടര്‍ നിര്‍ത്തി ഓട്ടോറിക്ഷയില്‍ കയറി ഫൈനാന്‍സിന് കുറച്ചകലെ വണ്ടിയില്‍ നിന്നും ഇറങ്ങി നടന്നാണ് സ്ഥാപനത്തിലെത്തിയത്.
ഇവരുടെ കൈവശമുണ്ടായിരുന്ന 916 മുദ്ര പതിപ്പിച്ചതും ഹാള്‍മാര്‍ക്കുമുള്ളതുമായ 18 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയം നല്‍കി 65000 രൂപയും വാങ്ങി കടന്നുകളഞ്ഞു. ഇതിനുശേഷം ഉച്ചയോടെയാണ് നിലമാമൂട് നന്ദനം ഫൈനാന്‍സിലെത്തി തട്ടിപ്പ് നടത്തിയത്. ഇവിടെ 16 ഗ്രാമോളം തൂക്കമുള്ള മുക്കുപണ്ടത്തില്‍ നിര്‍മിച്ച മാല പണയം വെച്ച് 48000 രൂപയും തട്ടിയെടുത്തു.
നിലമാമൂട് കവലയ്ക്ക് സമീപം സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം കാല്‍നടയായിട്ടാണ് ഇരുവരും സ്ഥാപനത്തിലെത്തിയത്. ഈ സമയം പുറത്ത് നിന്നിരുന്ന സ്ഥാപന ഉടമ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും ഒരാളെ പിടികൂടാന്‍ കഴിഞ്ഞതും.
നഗരത്തിലേയും മറ്റ് സ്ഥലങ്ങളിലേയും സ്വകാര്യ ലോഡ്ജുകളില്‍ തങ്ങിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ബാക്കിയുള്ള മൂന്ന് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഇവരെ പിടികൂടിയാല്‍ കൂടുതല്‍ തട്ടിപ്പുകള്‍ വെളിപ്പെടുമെന്നും വെള്ളറട പോലീസ് പറഞ്ഞു.









