വിവാഹമോചനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് കോടതിയിൽ നൽകി: കിളിരൂർ സ്വദേശി പൊലീസ് പിടിയിൽ

വിവാഹമോചനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് കോടതിയിൽ നൽകി: കിളിരൂർ സ്വദേശി പൊലീസ് പിടിയിൽ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ഭാര്യ നേരത്തെ വിവാഹിതയായതായി കോടതിയിൽ വ്യാജ രേഖ സമർപ്പിച്ച് വിവാഹ മോചനം നേടിയ കിളിരൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിരൂർ കാഞ്ഞിരം കണ്ണോത്ത് ബംഗ്ലാവിൽ മഹേഷ് കുമാറിനെ(46)യാണ് ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്.
2014 – 15 നായിരുന്നു കേസിനാസ്പദമായ സംഭവം. 2009 ൽ കന്നട സ്വദേശിയായ യുവതിയെ മഹേഷ് കുമാർ വിവാഹം കഴിച്ചിരുന്നു. കന്നടയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം അധികം വൈകാതെ ഇവർ വിദേശത്തേയ്ക്കു പോകുകയും ചെയ്തു. ഇതിനിടെ പ്രതി കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിക്കുകയായിരുന്നു. 2019 ഏപ്രിലിലാണ് ഇരുവരും വിവാഹം കഴിച്ചത്. എന്നാൽ, 2009 സെപ്റ്റംബറിൽ ഇവർ മറ്റൊരു വിവാഹം കഴിച്ചതായി മഹേഷ് കോടതിയിൽ രേഖ സമർപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ വിവാഹ സർട്ടിഫിക്കറ്റാണ് ഇയാൾ ഇതിനായി കോടതിയിൽ സമർപ്പിച്ചത്. ഭാര്യ മറ്റൊരു വിവാഹം കഴിച്ചതായുള്ള ഇയാളുടെ വാദം അംഗീകരിച്ച ഏറ്റുമാനൂർ കുടുംബകോടതി, ഭാര്യയുടെ വാദം കേൾക്കാതെ തന്നെ ഇയാൾക്കു വിവാഹ മോചനം അനുവദിച്ചു.
കഴിഞ്ഞ വർഷം വിദേശത്തു നിന്നു യുവതി മടങ്ങിയെത്തിയപ്പോഴാണ് വിവാഹ മോചനം നടന്നതായി അറിഞ്ഞത്. തുടർന്നു യുവതി നടത്തിയ അന്വേഷണത്തിലാണ് കോടതിയിൽ നിന്നും സർട്ടിഫിക്കറ്റ് കണ്ടെത്തിയത്. ഇതേപ്പറ്റി യുവതി കോടതിയിൽ പരാതി ഉന്നയിച്ചതോടെ സർട്ടിഫിക്കറ്റിനെപ്പറ്റി അന്വേഷിക്കുന്നതിനായി കോടതി പൊലീസിനോടു നിർദേശിച്ചു. തുടർന്നു ഏറ്റുമാനൂർ എസ്.ഐ കെ.ആർ പ്രശാന്ത്കുമാർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് രേഖ തയ്യാറാക്കിയത് സംബന്ധിച്ചു അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.