ഫെയ്‌സ്ബുക്കിൽ തോക്കിന്റെ ഫോട്ടോയിട്ടു: വിദേശത്ത് പോയിട്ടും കൊല്ലം സ്വദേശിയായ യുവാവിന്റെ പിന്നാലെ കേരള പൊലീസ്

ഫെയ്‌സ്ബുക്കിൽ തോക്കിന്റെ ഫോട്ടോയിട്ടു: വിദേശത്ത് പോയിട്ടും കൊല്ലം സ്വദേശിയായ യുവാവിന്റെ പിന്നാലെ കേരള പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം: തോക്കുമായി നിൽക്കുന്ന ചിത്രം കൗതുകത്തിന് ഫെയ്‌സ്ബുക്കിലിട്ടതിന്റെ പേരിൽ പുലിവാല് പിടച്ചിരിക്കുകയാണ് കൊല്ലം സ്വദേശിയായ യുവാവ്. തോക്കുമായി നിൽക്കുന്ന ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ പ്രവാസി യുവാവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഇരവിപുരം പാട്ടത്തിൽക്കാവ് സ്വദേശിയായ യുവാവിന്റെ വീട്ടിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്.ഇരവിപുരം സി ഐയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ടാനേതാവ് മംഗൽപാണ്ഡെയും പ്രവാസി യുവാവും സുഹൃത്തുക്കളാണ്. ഇതിനിടെയാണ് ഇതേ യുവാവ് തോക്കുമായി നിൽക്കുന്ന ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് പോലീസ് കണ്ടെത്തി. ഇയാൾ അടുത്തിടെ ഗൾഫിൽ പോയിരുന്നു. ഭീഷണി മുഴക്കിയത് പോലെ ഗുണ്ടാനേതാവിന്റെ കൈവശം തോക്കുണ്ടെന്നും പാട്ടത്തിൽക്കാവ് സ്വദേശിയായ യുവാവാണ് ഇയാൾക്ക് തോക്കെത്തിച്ച് നൽകിയതെന്നും ഇരവിപുരം പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്ന് ഇരവിപുരം പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രചരിക്കുന്ന ചിത്രം തന്റേതല്ലെന്നായിരുന്നു യുവാവിന്റെ പ്രതികരണം.
അതുകൊണ്ടുതന്നെ നേരത്തെ ഉത്തർപ്രദേശിൽ ജോലി ചെയ്തിരുന്നപ്പോൾ യുവാവ് തോക്ക് വാങ്ങിയിരുന്നുവെന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ്.അതിനിടെ സി ഐയ്ക്ക് നേരെ വധഭീഷണി മുഴക്കിയതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മംഗൽപാണ്ഡെ സംസ്ഥാനം വിട്ടതായാണ് സൂചന.പ്രതിയെ പിടികൂടാൻ എ സി പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക പോലീസ് സംഘം രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് ഇരുസംസ്ഥാനങ്ങളിലേക്കും പുറപ്പെട്ടിട്ടുണ്ട്.