
ഏറ്റുമാനൂരിൽ ഇന്ന് ഏഴരപ്പൊന്നാന ദർശനം ; ഭക്ത ജനങ്ങൾക്ക് ദർശനമൊരുക്കാൻ വിപുലമായ സംവിധാനങ്ങളുമായി ദേവസ്വവും പൊലീസും
ഏറ്റുമാനൂർ : ഏറ്റുമാനൂരമ്പലത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ഇന്ന്. ക്ഷേത്രത്തിനുള്ളിലെ ആസ്ഥാന മണ്ഡപത്തിൽ ഇന്ന് രാത്രി 12നാണ് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. തന്ത്രി കണ്ഠര് രാജീവര്, തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക പൂജകൾക്കു ശേഷമാണ് ക്ഷേത്രാങ്കണത്തിലെ ആസ്ഥാനമണ്ഡപം തുറക്കുന്നത്. ഇതിനു മുന്നോടിയായി ശ്രീകോവിലിൽ നിന്ന് ഏറ്റുമാനൂരപ്പനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് നാളെ പുലർച്ചെ രണ്ടിന് ഏഴരപ്പൊന്നാനകളെ പുറത്തേക്ക് എഴുന്നള്ളിക്കും. ആറാട്ട് ദിവസമായ എട്ടു വരെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാനകളെ ദർശിക്കാം.
വലിയകാണിക്കയില്‍ ആദ്യം പണം ഇടാനുള്ള അവകാശം ചെങ്ങന്നൂർ പൊന്നുരുട്ട മഠം കാരണവർക്കാണ്. തുടർന്ന് ദേവസ്വം ജീവനക്കാരും ജനങ്ങളും കാണിക്കയർപ്പിച്ചു പ്രാർഥിക്കും. ക്ഷേത്രത്തിലെത്തുന്ന മുഴുവനാളുകള്‍ക്കും ദർശനമൊരുക്കാൻ വിപുലമായ സംവിധാനങ്ങളാണ് ദേവസ്വവും പൊലീസും ഒരുക്കിയിരിക്കുന്നത്.
നാളെ പള്ളിവേട്ട പള്ളിവേട്ട ദിനമായ വെള്ളി രാവിലെ ഏഴിന് ശ്രീബലി. പഞ്ചാരിമേളം- മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 101 കലാകാരന്മാരും. അഞ്ചിന് കാഴ്‌ച ശ്രീബലി. പഞ്ചവാദ്യം- പല്ലാവൂർ ശ്രീധരൻ മാരാരും 45ല്‍ പരം കലാകാരന്മാരും. കുടമാറ്റത്തിനു മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പഞ്ചാരിമേളം. 9.30ന് പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് ഏറ്റുമാനൂർ ദേവസ്വത്തിന്റെ ‘സ്നേഹാദരവ്’ മന്ത്രി വി എൻ വാസവൻ സമ്മാനിക്കും. 10 ന് കെ എസ് ചിത്രയുടെ ഭക്തിഗാനമേളയും അരങ്ങേറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദർശനത്തിനെത്തുന്നവരെ ക്ഷേത്ര മൈതാനത്തുനിന്നു പടിഞ്ഞാറെ നട വഴി ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിപ്പിക്കും. ഇവിടെ കൊടിമരച്ചുവട്ടിനു സമീപത്തുനിന്നു തെക്കേനടയിലെ സ്റ്റേജ് ഭാഗംവഴി നേരെ കിഴക്കെനടയില്‍ എത്തണം. ഇവിടം വരെ നിയന്ത്രിച്ചുവിടാൻ കയർകെട്ടി തിരിച്ചിട്ടുണ്ട്. കിഴക്കെ നടയില്‍ എത്തിയാല്‍ ആസ്ഥാന മണ്ഡപത്തിലേക്ക് പ്രത്യേകം ബാരിക്കേഡ് വഴിയാകും കടത്തിവിടുക. ദർശനംകഴിഞ്ഞ് കൃഷ്‌ണൻ കോവില്‍വഴി പുറത്തേക്ക് ഇറങ്ങാം.