കല്യാണ ഓഡിറ്റോറിയത്തിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി; ഇവന്റ് മാനേജ്‌മെന്റ്കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തലയോലപ്പറമ്പ് :കല്യാണ ഓഡിറ്റോറിയത്തിൽ സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ ഇവന്റ് മാനേജ്‌മെന്റ്കാരനെ സ്ത്രീകൾ പൊക്കി. കല്യാണ ഓഡിറ്റോറിയത്തിൽ എത്തിയ കൊടുങ്ങല്ലൂർ പുല്ലൂറ്റ് ആലിപ്പറമ്പിൽ അൻവർ സാദത്തിനെ (33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓഡിറ്റോറിയത്തിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഇയാൾ സ്വന്തം മൊബൈൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. 2 സ്ത്രീകൾ വസ്ത്രം മാറിയ ദൃശ്യങ്ങൾ അതിൽ റെക്കോഡും ചെയ്തിരുന്നു. ഇന്നലെ മൂന്നരയോടെയാണു സംഭവം. ഓഡിറ്റോറിയത്തിൽ സൽക്കാര ചടങ്ങുകൾ കഴിഞ്ഞ് സ്ത്രീകൾ മുറിയിൽ വസ്ത്രം മാറുകയായിരുന്നു. ഇവൻമാനേജ്‌മെന്റിന്റെ ഭാഗമായി ചടങ്ങിൽ നൃത്തപരിപാടിക്ക് എത്തിയ സാദത്തും ആ സമയം സ്ത്രീകൾ വസ്ത്രം മാറുന്നിടത്ത് എത്തി.സ്ത്രീകളെ മുറിയിൽനിന്ന് ഇറക്കിയശേഷം ഇയാൾ വസ്ത്രംമാറി. ഇതിനിടെ മൊബൈൽഫോൺ ക്യാമറ ഓണാക്കി മുറിയിലെ ബാഗിൽ ഒളിപ്പിച്ച ശേഷം പുറത്തിറങ്ങി. പിന്നീടു രണ്ട് സ്ത്രീകൾ മുറിയിൽ കയറി വസ്ത്രം മാറി. മൂന്നാമത്തെ യുവതി മുറിയിൽ കയറിയപ്പോൾ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് ക്യാമറ കണ്ടെത്തിയത്.