video
play-sharp-fill
മുൻ ലോക്‌സഭാ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി അന്തരിച്ചു

മുൻ ലോക്‌സഭാ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി അന്തരിച്ചു

സ്വന്തം ലേഖകൻ

കൊൽക്കത്ത: മുൻ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു. 89 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ചൊവ്വാഴ്ച മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവുമുണ്ടായിരുന്നു. മുമ്പ് മസ്തിഷ്‌കാഘാതത്തെത്തുടർന്നും ചികിത്സയിലായിരുന്നു. 2014-ലും അദ്ദേഹത്തിന് ചെറിയതോതിൽ മസ്തിഷ്‌കാഘാതം അനുഭവപ്പെട്ടിരുന്നു. പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റർജി. 1968 മുതൽ സിപിഐഎം അംഗമായിരുന്ന സോമനാഥിനെ 2008ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടതുപാർട്ടികൾ തീരുമാനിച്ചപ്പോൾ, ലോക്‌സഭാ സ്പീക്കർ സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതായിരുന്നു കാരണം. പാർട്ടിയിലേക്ക് തിരിച്ചു വരാൻ തനിക്ക് മോഹമുണ്ടെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇടതു പാർട്ടികളുടെ അപചയത്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിലും അദ്ദേഹം മുമ്പിലായിരുന്നു. രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയുടെ അദ്ധ്യക്ഷ പദവിക്ക് കളങ്കമേൽക്കാതിരിക്കാനാണ് ഭരണഘടനയ്‌ക്കൊപ്പം നിന്നുകൊണ്ട് തീരുമാനമെടുക്കാൻ താൻ നിർബന്ധിതനായതെന്നാണ് സ്പീക്കർ പദവി വിവാദത്തോട് ചാറ്റർജി അന്ന് പ്രതികരിച്ചത്. 2004-09 കാലഘട്ടത്തിലെ യു.പി.എ സർക്കാരിന്റെ കാലത്താണ് അദ്ദേഹം ലോക്‌സഭാ സ്പീക്കർ ആയിരുന്നത്.