
സ്വന്തം ലേഖകൻ
കോട്ടയം: കാട് വളർന്നു ഒരാൾ പൊക്കത്തിൽ. പക്ഷേ അത് വെട്ടിനീക്കാൻ ആരുമില്ല. പാലാ പൂഞ്ഞാർ ഹൈവേയുടെ അരിക് കണ്ടാൽ വനപാതയ്ക്ക് സമാനമാണ്. റോഡ് വശങ്ങളിലെ കാട് തെളിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
മഴയെത്തുടർന്ന് ഗ്രാമീണ റോഡുകളിലേക്ക് വളർന്നുകയറിയ കാട് കാൽ നടക്കാർക്കും വാഹന യാത്രക്കാർക്കും ദുരിതമാകുന്നു. കാട് വളർന്ന റോഡുവശങ്ങൾ ഇഴജന്തുക്കളുടെ ആവാസ സ്ഥലങ്ങളായി മാറുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട് വളർന്നുകയറിയ തോട്ടങ്ങൾക്ക് സമീപവുള്ള റോഡുകളിൽ രാത്രിയും പുലർകാലങ്ങളിലും ഇവയുടെ ശല്യം ഏറെയാണ്. മഴ അവധിയെല്ലാം കഴിഞ്ഞ് നാളെ വിദ്യാലയങ്ങൾ കൂടി തുറക്കുന്നതോടെ കാൽ നടയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഇത് കൂടുതൽ ദുരിതമാകും.
ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന ഹൈവേയിലെ പാലാ ഈരാറ്റുപേട്ട റോഡ് അരികിൽ മിക്ക സ്ഥലങ്ങളിലും കാട് വളർന്നിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ കൊച്ചു കൊച്ചു സ്ഥലങ്ങളിൽ എല്ലാം വഴിയാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. അതാത് ഭൂഉടമകൾ മനപൂർവ്വം ഇത് വെട്ടിതെളിയിക്കാൻ മെനക്കെടാതിരിക്കുകയാണ്.
എം.സി റോഡില്‍ റോഡിലേക്ക് കാടു വളര്‍ന്ന സ്ഥലങ്ങള്‍ കുറവാണ്. എന്നാല്‍, കഞ്ഞിക്കുഴി, മണിപ്പുഴയിൽ എല്ലാം റോഡിനോടു ചേര്‍ന്നു കാല്‍നടക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സ്ഥലങ്ങള്‍ പലയിടങ്ങളിലും കാടുമൂടി.
കെ.കെ. റോഡില്‍ മണര്‍കാട്, വടവാതൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും കാട് തിങ്ങിനിറഞ്ഞാണ് നില്‍ക്കുന്നത്. വാഹനങ്ങള്‍ പാഞ്ഞെത്തുമ്പേൾ കാല്‍നടയാത്രക്കാര്‍ക്ക് രക്ഷപ്പെടാൻ പോലും കഴിയാത്ത വിധമാണ് കാടുകള്‍.
മണര്‍കാട് കിടങ്ങൂര്‍, ഒറവയ്ക്കല്‍ പള്ളിക്കത്തോട്, അയര്‍ക്കുന്നം തിരുവഞ്ചൂര്‍, മണര്‍കാട്, തിരുവഞ്ചൂര്‍ കഞ്ഞിക്കുഴി, മോസ്‌കോ ചവിട്ടുവരി, പൂവത്തുംമൂട് സംക്രാന്തി, വട്ടമൂട് കൊശമറ്റം തുടങ്ങിയ റോഡുകളെല്ലാം സമാന അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ ആളൊപ്പം കാടു വളര്‍ന്നു.
ഇഴജന്തുക്കളും കുഴികളും കല്ലുകളും യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നുണ്ട്. ഭൂവുടമകളും കാടുവെട്ടിത്തെളിക്കാൻ ഉത്സാഹം കാണിക്കുന്നില്ല.
അതാത് പ്രദേശത്തെ പ്രാദേശിക ഭരണസംവിധാനങ്ങളും ഇക്കാര്യത്തിൽ മുൻകൈയെടുക്കുന്നില്ല. ഇതോടെ കാര്യങ്ങൾ കൂടുതൽ മോശമാവുകയാണ്.
വാഹനങ്ങൾ ചീറിപ്പാഞ്ഞുവരുമ്പോൾ റോഡരുകിൽ വളർന്നുനിൽക്കുന്ന കാട്ടിലേക്ക് ഇറങ്ങി നിന്ന് അപകടത്തിൽപ്പെടാതെ സുരക്ഷിതത്വം നോക്കേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാർ.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാലാകാലങ്ങളിൽ റോഡ് വശങ്ങളിലെ കാടു തെളിച്ച് വൃത്തിയാക്കുകയും ഓടയെടുക്കുകയും ചെയ്താൽ ഈ ദുരിതത്തിൽ നിന്ന് നമ്മുക്ക് ഒരു മേചനം ലഭിക്കും.