കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; നഗ്ന ദൃശ്യം കൈക്കലാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച് പണം തട്ടി; പിറവം സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
ഏറ്റുമാനൂർ: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനുശേഷം നഗ്ന ദൃശ്യം കൈക്കലാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പിറവം മലയിൽ വീട്ടിൽ അതുൽ.എസ് (23) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ വീട്ടമ്മയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചതിനു ശേഷം ഇവരെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും തുടർന്ന് ഇവരുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കുകയുമായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ മറ്റു പെൺകുട്ടികളെ തനിക്ക് എത്തിച്ചു നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടമ്മ ഇത് നിരസിച്ചതിനെ തുടർന്ന് ഇയാൾ വീട്ടമ്മയുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും, തുടർന്ന് പലരുമായി സൗഹൃദം സ്ഥാപിച്ച് ഇവർക്ക് തന്റെ കൈവശം ഉണ്ടായിരുന്ന വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ അയച്ചു നൽകുകയും, തുടർന്ന് വീഡിയോ കോൾ ചെയ്യണമെങ്കിൽ പണം മുൻകൂറായി നൽകണമെന്ന് ആവശ്യപ്പെട്ട് പണം കൈക്കലാക്കുകയുമായിരുന്നു.
ഇതിനു ശേഷം വീട്ടമ്മയുടെ വാട്സ്ആപ്പ് നമ്പർ ഇവർക്ക് അയച്ചു നൽകുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു.
അതുലിന് പിറവം പോലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള കേസ് നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ സാഗർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.