ഏറ്റുമാനൂര്‍ നഗരസഭയുടെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട കേസ്; മുനിസിപ്പല്‍ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്
ഏറ്റുമാനൂര്‍: നഗരസഭയുടെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ടു ഹാജരാകാനോ സത്യവാങ്മൂലം സമര്‍പ്പിക്കാനോ തയ്യാറാകാതിരുന്ന മുനിസിപ്പല്‍ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്. നേരിട്ട് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടുമെന്നു ഹൈക്കോടതി താക്കീത് നല്കി മണിക്കൂറുകള്‍ക്കകം സെക്രട്ടറി ഹാജരായി.
വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന വ്യാപാരികള്‍ ലൈസന്‍സ് പുതുക്കുന്നതിന് സമീപിക്കുമ്പോള്‍ കെട്ടിടനികുതിയുടെ കുടിശിക അടയ്ക്കാന്‍ നഗരസഭ നിര്‍ബന്ധം പിടിക്കുന്നത് തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റ് നല്കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍ കെട്ടിട നികുതിയുമായി ബന്ധപ്പെടുത്താതെ വ്യാപാരികളുടെ അപേക്ഷകള്‍ സ്വീകരിക്കാമെന്നും കെട്ടിടം ഉടമകള്‍ക്കു നോട്ടീസ് അയച്ച് നിയമപ്രകാരമേ നികുതി ഈടാക്കുകയുള്ളുവെന്നും കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് വിപരീതമായി നികുതി പിരിവിനു രേഖാമൂലം നോട്ടീസ് നല്കാന് നഗരസഭ തയ്യാറായില്ല. നികുതി അടയ്ക്കാനെത്തുന്നവരോട് വലിയ തുക ആവശ്യപ്പെടുകയും ചെയ്തു. ആറുമാസം കഴിഞ്ഞിട്ടും നഗരസഭ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുമില്ല. കഴിഞ്ഞദിവസം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സെക്രട്ടറി ഹാജരായതുമില്ല. ഉച്ചയ്ക്ക് 1.30നു മുമ്ബ് സെക്രട്ടറി ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കുമെന്നു കോടതി മുന്നറിയിപ്പ് നല്കി. ഇതോടെ മണിക്കൂറുകള്‍ക്കകം സെക്രട്ടറി കോടതിയില്‍ ഹാജരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group