
വിവാഹമോചന കേസിൽ സഹകരിക്കില്ല, കുട്ടികളുടെ ചെലവിനുള്ള പണം തരില്ല, സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്ന് പറഞ്ഞു; വിളിച്ചത് മദ്യലഹരിയിൽ; ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനമാണെന്ന് പൊലീസ് നിഗമനം.
ഷൈനി മരിക്കുന്നതിന് തലേന്ന് മദ്യ ലഹരിയിൽ നോബി ഫോണിൽ വിളിച്ചു എന്ന് പൊലീസ് കണ്ടെത്തി. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചു.
പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഫോൺ വിളിച്ച കാര്യങ്ങൾ നോബി സമ്മതിച്ചിട്ടുണ്ട്. നോബിക്കെതിരെയുള്ള ഗാർഹിക പീഡന കേസ് കൂടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികൾ സ്‌കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കളെയും കൂട്ടി ഷൈനി വീട്ടിൽ നിന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫെബ്രുവരി 28 ന് പുലർച്ചെ 4.44 നാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്. മരിക്കുന്നതിന്റെ തലേന്ന് കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതും ദൃശ്യങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്. നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്.
കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻകാല കേസുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസ് നോബിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. തൊടുപുഴയിലെ നാട്ടുകാരും ഷൈനി അനുഭവിച്ച പീഡനങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത് നോബി ലൂക്കോസിന് എതിരെ മാത്രമാണ്. കുടുംബാംഗങ്ങളായ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.