ഏറ്റുമാനൂരിൽ ബംഗാളി കലാപത്തിന് ശ്രമമെന്ന് വ്യാജ പ്രചാരണം: പിടിയിലായ ഏറ്റുമാനൂർ സ്വദേശിയെ ജാമ്യത്തിൽ ഇറക്കിയത് ബിജെപി മണ്ഡലം സെക്രട്ടറി; പ്രതിയുമായി ബിജെപിയ്ക്കു ബന്ധമില്ലെന്നും വാർത്ത പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസിന് വീണ്ടും ഭീഷണി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഏറ്റുമാനൂരിൽ ബംഗാളി കലാപത്തിന് ശ്രമമെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ആളെ ജാമ്യത്തിലിറക്കിയത് ബി.ജെ.പി മണ്ഡലം സെക്രട്ടറി. കേസിലെ പ്രതിയായ ഏറ്റുമാനൂർ പെരുമാലിയിൽ മോൻസി പി.തോമസിനെ(49) പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യത്തിൽ ഇറക്കിയത്, ബി.ജെ.പിയുടെ ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി മഹേഷാണ്. ബി.ജെ.പിയുമായി പ്രതിയായ മോൻസിയ്ക്കു ബന്ധമില്ലെന്ന് ആവർത്തിക്കുന്ന മഹേഷ് തന്നെയാണ് ഇയാൾക്കായി ജാമ്യം നിന്നതും.
ഏറ്റുമാനൂരിലെ സംഭവത്തിനു പിന്നിൽ ബി.ജെ.പി പ്രവർത്തകനാണ് എന്നു വാർത്ത എഴുതിയ തേർഡ് ഐ ന്യൂസ് ലൈവിനു നേരെ രാവിലെ ഏറ്റുമാനൂരിൽ നിന്നും ഭീഷണിയും ഉണ്ടായി. ബി.ജെ.പിയുടെ മണ്ഡലം സെക്രട്ടറിയാണ് എന്നു പരിചയപ്പെടുത്തിയ മഹേഷ് തന്നെയാണ് ഇന്ന് രാവിലെ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്ററും മാനേജിംങ് ഡയറക്ടറുമായ എ.കെ ശ്രീകുമാറിനെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്. അറസ്റ്റിലായ വ്യക്തിയ്ക്കു ബിജെപിയുമായി ബന്ധമുണ്ടെന്ന വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും, ഇല്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുമെന്നുമായിരുന്നു ഭീഷണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു കലാപത്തിനു ശ്രമം നടക്കുന്നതായി മോൻസി വ്യാജ പ്രചാരണം നടത്തിയത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഇയാളെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നു പൊലീസ് കണ്ടെത്തിയത്.
ഇയാളുടെ കെട്ടിടത്തിൽ നാൽപ്പതോളം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവരുടെ ചിലവ് സർക്കാർ ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയതെന്നും ഇയാൾ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഇത് അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് തേർഡ് ഐ ന്യൂസ് ലൈവ് രണ്ടു വാർത്തകൾ ചെയ്തത്. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ തേർഡ് ഐയ്‌ക്കെതതിരെ ഭീഷണി ഉയർന്നത്.
എന്നാൽ, കേസിൽ അറസ്റ്റിലായ ആൾക്കു ബിജെപി ബന്ധമില്ലെങ്കിൽ പിന്നെ എന്തിനാണ് ബിജെപി മണ്ഡലം സെക്രട്ടറി തന്നെ നേരിട്ടെത്തി ഇയാളെ ജാമ്യത്തിൽ ഇറക്കിയതെന്ന ചോദ്യമാണ് ഉയരുന്നത്. ബിജെപിയുമായി യാതൊരു ബന്ധവുമില്ലാത്ത ഇയാൾക്കു വേണ്ടി രംഗത്തിറങ്ങിയത് എന്തിനാണ് എന്നു വിശദീകരിക്കേണ്ടത് ബിജെപി മണ്ഡലം സെക്രട്ടറി തന്നെയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ലോക്ക് ഡൗൺ തകർക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ അറസ്റ്റിലായ പ്രതി ശ്രമിച്ചിരിക്കുന്നത്. ഇയാൾക്കു വളം വെയ്ക്കുന്ന നിലപാടാണ് ഇപ്പോൾ ബിജെപി മണ്ഡലം സെക്രട്ടറി കൂടിയായ മഹേഷ് സ്വീകരിച്ചിരിക്കുന്നത്. ഇത് ബിജെപിയ്ക്കുള്ളിൽ തന്നെ കടുത്ത വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.
ഇതിനിടെ തേർഡ് ഐ ന്യൂസ് ലൈവിനെ ഭീഷണിപ്പെടുത്തിയ മഹേഷ് താൻ അറിയാതെ ഏറ്റുമാനൂർ ബിജെപിയിൽ ഒന്നും നടക്കില്ലെന്നും പറയുന്നുണ്ട്. ഏറ്റുമാനൂരിൽ വ്യാജപ്രചാരണം നടത്തിയ മോൻസിയ്ക്കു ബിജെപി അംഗത്വം നൽകിയിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. ഒരു പൊതു ചടങ്ങിൽ വച്ച് മുൻ ജില്ലാ പ്രസിഡൻറ് എൻ ഹരി ഇദ്ദേഹത്തിന് അവാർഡ് നൽകുക മാത്രമാണ് ചെയ്തതെന്നും മഹേഷ് പറയുന്നു.