
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗേള്‍സ് സ്കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനാനുമതി നല്‍കുന്നതിന് സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി എന്തിനെന്ന് ചോദ്യമുന്നയിച്ച് ഹൈക്കോടതി. ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയർസെക്കൻഡറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ മുനിസിപ്പാലിറ്റി വൈകുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
മുനിസിപ്പാലിറ്റി അനുമതി വൈകുന്നതിനെതിരെ സ്കൂള്‍ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ജസ്റ്റിസ് കെ വി ജയകുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സർക്കാർ സർക്കുലർ പ്രകാരം ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകളെ മിക്സഡ് ആക്കാൻ അതത് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാല്‍, ഈ സർക്കുലർ നിയമപരമല്ലെന്നാണ് ഹർജിക്കാരുടെ വാദം.
വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം ഇത്തരത്തിലുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് വിദ്യാഭ്യാസ ഡയറക്ടറാണെന്നും ഹർജിയില്‍ പറഞ്ഞു.ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കുകയെന്നത് സംസ്ഥാന സർക്കാരിന്റെ നയമാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻസിപ്പാലിറ്റിയുടെ അനുമതി ഇനിയും വൈകുകയാണെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാമെന്ന് സ്കൂള്‍ അധികൃതരോട് കോടതി നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻസിപ്പാലിറ്റിയുടെ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേക മാർഗനിർദേശങ്ങളില്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. ഹൈക്കോടതി മുമ്പ് ഉത്തരവിട്ടിട്ടും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി അനുകൂല തീരുമാനം എടുത്തില്ലെന്നും കോടതിയെ അറിയിച്ചു.







