ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം, തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ടുപോകും ; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ല ; ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന : ഇ പി ജയരാജന്‍
സ്വന്തം ലേഖകൻ
കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന തരത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന എന്ന് ആവര്‍ത്തിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. കാര്യങ്ങള്‍ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേര്‍ന്നുവെന്നും ഇപി വിമര്‍ശിച്ചു. ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്നും തൃശ്ശൂരിലോ ദില്ലിയിലോ വെച്ച് ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഗള്‍ഫില്‍ വെച്ച് ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്. താന്‍ ഗള്‍ഫില്‍ പോയിട്ട് വര്‍ഷങ്ങളായി എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. എന്ത് തെളിവുണ്ടായിട്ടാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും ഇപി പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എനിക്കെതിരെ വേട്ടയാടലാണ് നടന്നത്. സിപിഎം വിട്ട് ബിജെപിയാകാന്‍ പോകുന്നു എന്നാണ് പ്രചാരണം.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വാര്‍ത്ത പ്രസിദ്ധീകരിച്ചത് ആസൂത്രിതമല്ലേ? ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം. തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ടുപോകും.മുഖ്യമന്ത്രി പറയുന്നത്് അംഗീകരിക്കുന്ന ആളാണ് ഞാന്‍. മുഖ്യമന്ത്രി എനിക്ക് നല്‍കിയിട്ടുള്ള ഉപദേശം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്ന ആളാണ് ഞാന്‍.എന്നോട് മാത്രമല്ല, സമൂഹത്തോട് നല്‍കിയിട്ടുള്ള മഹത്തായ സന്ദേശമാണിത്. മാധ്യമങ്ങള്‍ക്കും നല്‍കിയ സന്ദേശമാണിത്.നിങ്ങളും ഇത്തരം കൂട്ടുകെട്ടില്‍ ആകൃഷ്ടരായി പോകരുത്. സാമ്പത്തികമായി നിങ്ങളെയൊക്കെ ചൂഷണം ചെയ്യാന്‍ പലതരത്തിലുള്ള വിഷയങ്ങള്‍ ഉപയോഗിച്ച് വട്ടംകറങ്ങി നടക്കുന്നവരുണ്ട്. അതില്‍ ഒന്നും കുടുങ്ങിപ്പോവരുത്. തെറ്റിദ്ധാരണ നീക്കാനാണ് വോട്ടെടുപ്പ് ദിവസം മാധ്യമങ്ങളോട് കാര്യങ്ങള്‍ പറഞ്ഞത്. ദല്ലാള്‍ നന്ദകുമാറിന് എന്നെ ചതിക്കാനോ പറ്റിക്കാനോ ആയിട്ടില്ല.’ – ഇപി പറഞ്ഞു.