എൻജിനീയറിംങ്ങ് പ്രവേശന പരീക്ഷ: ഏറ്റുമാനൂർ സ്വദേശിയ്ക്ക് ഒന്നാം റാങ്ക്
സ്വന്തം ലേഖകൻ
കോട്ടയം : ഈ വർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
എൻജിനിയറിംഗിൽ ഏറ്റുമാനൂർ സ്വദേശി വരുൺ കെ.എസിനാണ് (കോട്ടയം) ഒന്നാം റാങ്ക്. ഗോകുൽ ഗോവിന്ദ് ടി.കെ (കണ്ണൂർ) രണ്ടാം റാങ്കും നിയാസ് മോൻ.പി (മലപ്പുറം) മൂന്നാം റാങ്കും നേടി. ഫാർമസി പ്രവേശന പരീക്ഷയിൽ തൃശൂർ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻജിനിയറിംഗ് ആദ്യത്തെ നൂറ് റാങ്കിൽ ഇടം പിടിച്ചത് 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്. ഇതിൽ 66 പേർ ആദ്യ ചാൻസിൽ പാസായവർ ആണ്. 34 പേർ രണ്ടാമത്തെ ശ്രമത്തിൽ പാസായവരും. www.cee.kerala.gov.in വെബ്സൈറ്റ് വഴി ഫലമറിയാം.
എൻജിനിയറിംഗ്: ആദ്യ പത്ത് റാങ്കിൽ ഇടം നേടിയവർ
നാലാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
അഞ്ചാം റാങ്ക്: അദ്വൈത് ദീപക് (കോഴിക്കോട്)
ആറാം റാങ്ക്: ഇബ്രാഹിം സുഹൈൽ ഹാരിസ് (കാസർഗോഡ്)
ഏഴാം റാങ്ക്: തസ്ലീം ബാസിൽ എൻ (മലപ്പുറം)
എട്ടാം റാങ്ക്: അക്ഷയ് കെ മുരളീധരൻ (തൃശൂർ)
ഒമ്പതാം റാങ്ക്: മുഹമ്മദ് നിഹാദ്.യു (മലപ്പുറം)
പത്താം റാങ്ക്: അലീന എം.ആർ (കോഴിക്കോട്)
ഫാർമസി: ആദ്യ മൂന്നു റാങ്കിൽ ഇടം പിടിച്ചവർ
ഒന്നാം റാങ്ക്: അക്ഷയ് കെ.മുരളീധരൻ (തൃശൂർ)
രണ്ടാം റാങ്ക്: ജോയൽ ജെയിംസ്(കാസർഗോഡ്)
മൂന്നാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
ജൂലൈ 16നായിരുന്നു കേരളത്തിനകത്തും പുറത്തുമുള്ള 336 കേന്ദ്രങ്ങളിലായി കീം പരീക്ഷ നടത്തിയത്. രാവിലേയും ഉച്ചകഴിഞ്ഞുമായി നടന്ന പരീക്ഷ 1.25 ലക്ഷത്തോളം വിദ്യാർഥികളാണ് എഴുതിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന സുരക്ഷയും സാമൂഹിക അകലവും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.
സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കു പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ആയിരുന്നു പരീക്ഷ.