play-sharp-fill
വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു

സ്വന്തം ലേഖകൻ

കൂരോപ്പട: വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. കൂരോപ്പട വയലിപ്പിടികയിൽ വി.ഒ.ജോസഫിന്റെ (കുഞ്ഞ്) മകൻ വി.ജെ. കുര്യാക്കോസ്(22) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 7.45 ന് കിളിമാനൂരിൽ കുര്യാക്കോസ് സഞ്ചരിച്ചിരുന്ന കാർ റോഡിന് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കിളിമാനൂർ പോലീസ് കുര്യാക്കോസിനെയും കാർ ഓടിച്ചിരുന്ന കൂരോപ്പട പനയ്ക്കക്കുന്നേൽ മാത്യുവിനെയും ഉടൻ തന്നെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും കുര്യാക്കോസിന്റെ ജീവൻ രക്ഷിയ്ക്കാനായില്ല. സാരമായി പരുക്കേറ്റ മാത്യൂ ചികിത്സയിലാണ്.
ഇറ്റലിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ മാത്യുവിന്റെ സഹോദരിയെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി മാത്യൂവിന്റെ കൂടെ സുഹൃത്തായ കുര്യാക്കോസ് പോയതായിരുന്നു.പുലർച്ചെ അഞ്ചിനാണ് വീട്ടിൽ നിന്ന് പോയത്.ദിവസങ്ങൾക്ക് മുൻപ് ഇറ്റലിയിൽ നിന്നും മാത്യൂവിന്റെ സഹോദരി തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിലും കനത്ത മഴയും ഗതാഗത തടസ്സവും കാരണം യാത്ര മാറ്റുകയായിരുന്നു.തിരുവനന്തപുരത്തെ ബന്ധുവിന്റെ വീട്ടിൽ കഴിയുകയായിരുന്നു. അപകടത്തിൽ മരിച്ച കുര്യാക്കോസ് മംഗളം എഞ്ചിനിയറിംഗ് കോളജിലെ ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥിയായിരുന്നു. പാലാ കിഴക്കയിൽ കുടുംബാംഗമായ റാണി ജോസഫ് ആണ് മാതാവ്. വി.ജെ.ജോസഫ് ഏക സഹോദരനാണ്.സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കൂരോപ്പട മാർസ്ലീവാ പള്ളി സെമിത്തേരിയിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി.ജോസഫ് എം.എൽ.എ തുടങ്ങിയവർ സംഭവമറിഞ്ഞ് വെഞ്ഞാറമ്മൂട് ആശുപത്രിയിലെത്തി.