ദിവസ വേതനക്കാരുടെ ലിസ്റ്റിൽ വ്യാജമായി പേരുകൾ ചേർത്ത് ശമ്പളം തട്ടിയെടുത്തു; സർക്കാർ ഖജനാവിൽ നിന്നും വെട്ടിച്ചത് 1,60,000 രൂപ ; ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ കൂട്ട സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകൻ
കൊല്ലം: ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. സാമ്പത്തിക തിരിമറി തെളിഞ്ഞതിന് പിന്നാലെയാണ് 18 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ദിവസ വേതനക്കാരുടെ ലിസ്റ്റിൽ വ്യാജമായി പേരുകൾ ചേർത്ത് ശമ്പളം എഴുതിയെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.
11 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, മൂന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാർ, രണ്ട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന വനം വകുപ്പിൽ ചിട്ടയായ പരിശോധനകൾ നടക്കുന്നില്ല എന്ന പരാതി ഉയരുന്നതിനിടയിലാണ് ആര്യങ്കാവ് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥതല തട്ടിപ്പ് വെളിച്ചത്ത് വരുന്നത്.
ദിവസ വേതനക്കാരുടെ ലിസ്റ്റിൽ വ്യാജമായി പേരുകൾ ചേർത്താണ് ഉദ്യോഗസ്ഥർ സർക്കാർ ഖജനാവിൽ നിന്നും പണം വെട്ടിച്ചത്. ഇങ്ങനെ അക്കൗണ്ടിലെത്തിയ 1,60,000 രൂപ ഉദ്യോഗസ്ഥർ വീതം വെച്ചെടുത്തതായി വനം വകുപ്പ് വിജിലൻസും ഫ്ളയിംഗ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി റെയിഞ്ച് ഓഫീസുകളിൽ പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.