സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി ; യൂണിറ്റിന് 20 പൈസ കൂടി ; 40 യൂണിറ്റ് വരെ നിരക്ക് വര്‍ദ്ധനവില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി.തിരുവനന്തപുരം: യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ യോഗത്തിലാണ് നിരക്ക് വർധിപ്പിച്ചത്.പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി.
2023-24 വര്‍ഷത്തെ കമ്മി 720 കോടിയാണെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്. അത് നികത്തണമെങ്കില്‍ കുറഞ്ഞത് 28 പൈസയെങ്കിലും യൂണിറ്റിന് വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കിലും 20 പൈസ മാത്രം വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 നവംബര്‍ ഒന്ന് മുതല്‍ 2024 ജൂണ്‍ 30 വരെയാണ് നിരക്ക് വര്‍ധന പ്രാബല്യത്തിലാകുക. 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിലവില്‍ 193 രൂപയാണ് നിലവിലെ നിരക്ക്. അവര്‍ക്ക് 3.95 പൈസയാണ് യൂണിറ്റിന് ഈടാക്കുന്നത്. പുതുക്കിയ താരിഫ് പ്രകാരം 4.5 രൂപയായി മാറും.
51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ യൂണിറ്റിന് 15 പൈസയാണ് അധികമായി നല്‍കേണ്ടത്. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 20 പൈസ അധികമായി നല്‍കണം.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ലോടെൻഷൻ- ഹൈടെൻഷൻ ഉപയോക്താക്കളെയും താരിഫ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനാഥാലായങ്ങള്‍, വൃദ്ധ സദനങ്ങള്‍, ഐടി- ഐടി അനുബന്ധ വ്യവസായങ്ങള്‍ എന്നിവയ്ക്ക് താരിഫ് വര്‍ധനയില്ല.
അതേസമയം സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് 2.5 ശതമാനം താരിഫ് വര്‍ധന ഉണ്ടായിട്ടുണ്ട്.